ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് അടുത്ത് യെലമഞ്ചിലിയില്‍ ഭാര്യ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊന്നു

വിശാഖപട്ടണം : ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിന് അടുത്ത് യെലമഞ്ചിലിയില്‍ ഭാര്യ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊന്നു. ലൈംഗിക ശേഷിയില്ലെന്ന കാരണത്താലാണ് കൊലപാതകം നടത്തിയതെന്ന് വരലക്ഷ്മി എന്ന സ്ത്രീ പോലീസിനോട് സമ്മതിച്ചു. വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. ഭര്‍ത്താവ് നാഗേശ്വര്‍ റാവുവിനെയാണ് വരലക്ഷ്മി കൊലപ്പെടുത്തിയത്. കൊല്ലപ്പെടുമ്പോള്‍ നാഗേശ്വര റാവു മദ്യലഹരിയിലായിരുന്നു.

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, ചെറുകിട ബിസിനസുകാരനാണ് നാഗേശ്വര്‍ റാവു. നാല് വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തെ തുടര്‍ന്ന് ഇയാളുടെ ലൈംഗികശേഷി നഷ്ടമായി. ഇതിന് പിന്നാലെ ഇയാളുടെ ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലായി. നാഗേശ്വരറാവുവിന് ഒരു സൂചനയും നല്‍കാതെയാണ് വരലക്ഷ്മി അവിഹിതബന്ധം തുടര്‍ന്നുപോന്നത്. അതേസമയം നാഗേശ്വരറാവു മദ്യത്തിന് അടിമയായിരുന്നു.

കഴുത്തില്‍ തുണിചുറ്റി ശ്വാസം മുട്ടിച്ചാണ് നാഗേശ്വര റാവുവിനെ വരലക്ഷ്മി കൊലപ്പെടുത്തിയത്. ഇവരുടെ രണ്ട് മക്കളും, നാഗേശ്വര റാവുന്‍റെ മാതാവും വീട്ടില്‍ ഇല്ലാത്തപ്പോഴായിരുന്നു സംഭവം. സ്വാഭാവിക മരണമായാണ് ബന്ധുക്കളുടെ മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ നാഗേശ്വരറാവുവിന്‍റെ സഹോദരന് സംശയം തോന്നുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കി. ഇതോടെയാണ് കഴുത്തുഞെരിച്ചുള്ള കൊലപാതകമാണെന്ന് വ്യക്തമായത്.

തുടര്‍ന്ന് വരലക്ഷ്മിയെ പോലീസ് ചോദ്യം ചെയ്തു, ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലാത്തതിനാലാണ് താന്‍ അവിഹിത ബന്ധത്തിലേര്‍പ്പെട്ടതെന്നും ഇതിനാലാണ് താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നും യുവതി മൊഴി നല്‍കി. കാമുകനൊപ്പം ജീവിക്കാന്‍ യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കാമുകന് പങ്കില്ലെന്ന് പൊലീസ് പറയുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നു.