ദില്ലി: ജവഹർലാൽ നെഹ്റു സർവകലാശാല(ജെഎൻയു)വിദ്യാർത്ഥിയായിരുന്ന നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ സിബിഐക്കെതിരെ ആരോപണവുമായി നജീബിന്റെ മാതാവ് രംഗത്ത്. തന്റെ മകന്റെ കേസ് പൂർത്തിയാക്കാൻ സാധിക്കാത്ത സിബിഐ മേധാവി രാജിവെക്കണമെന്നാണ് ഫാത്തിമ നഫീസിന്റെ ആവശ്യം. ഒപ്പം ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഫാത്തിമ അറിയിച്ചു. 

മകനെ കാണാതായതിനെ തുടർന്ന് പരാതി നൽകാൻ പോയപ്പോൾ വസന്ത് കുഞ്ച് സ്റ്റേഷനിലെ പൊലീസുകാരൻ തന്നെ അക്രമികളുടെ പേര് പരാതിയിൽ പറയരുതെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിതായും അവർ പറയുന്നു. ഒരു പക്ഷേ അവരുടെ പേര് നൽകിയിരുന്നുവെങ്കിൽ അവൻ തിരിച്ചു വരുമായിരുന്നുവെന്നും ഫാത്തിമ കൂട്ടിച്ചേർത്തു. നജീബിന്റേത് സാധാരണ കാണാതാകൽ സംഭവം മാത്രമാണെന്നും കുറ്റകൃത്യങ്ങൾ നടന്നതിനു തെളിവില്ലെന്നും സിബിഐ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.

ജെഎൻയുവിൽ എംഎസ്‍സി ബയോടെക്നോളജി വിദ്യാർഥിയായിരുന്ന നജീബിനെ(27) 2016 ഒക്ടോബർ 15നാണു സർവകലാശാലയുടെ മഹി ഹോസ്റ്റലിൽ നിന്നു കാണാതായത്. അന്നു വൈകിട്ട് എബിവിപി പ്രവർത്തകരുമായുള്ള സംഘർഷത്തിൽ വിദ്യാർഥി സംഘടനയായ ഐസയുടെ പ്രവർത്തകനായ നജീബിനു മർദമേറ്റിരുന്നു.സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നജീബിന്റെ അമ്മ ഫാത്തിമ കോടതിയെ സമീപിച്ചതോടെയാണു കേസ് കൈമാറിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് പലതവണ സിബിഐക്കു കോടതിയിൽ നിന്നു രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നിരുന്നു. അന്വേഷണം പൂർത്തിയാകാത്തതിനെത്തുടർന്നു ഫാത്തിമ സിബിഐ ആസ്ഥാനത്ത് രണ്ടു ദിവസം കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു.