മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി ജോലിചെയ്യുന്ന നളിനി നെറ്റോയ്ക്കൊപ്പമുള്ളത് 3 പോലീസുകാരാണ്.

തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറിയായിരിക്കെ ഇറക്കിയ ഉത്തരവ് തിരുത്തി നളിനി നെറ്റോ. ക്രമസമാധാന പാലനത്തിനുള്ള ലോക്കൽ പോലീസുകാരെ വർക്കിംഗ് അറേഞ്ചമെന്‍റില്‍ മറ്റ് ജോലികൾക്ക് നിയോഗിക്കരുതെന്ന് ആഭ്യന്തരസെക്രട്ടറിയായിരിക്കെയാണ് നളിനി നെറ്റോ ഇറക്കിയത്. എന്നാല്‍ ഇന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി ജോലിചെയ്യുന്ന നളിനി നെറ്റോയ്ക്കൊപ്പമുള്ളത് 3 പോലീസുകാരാണ്. പക്ഷെ ഈ പോലീസുകാരെല്ലാം ലോക്കൽ സ്റ്റേഷനിൽ നിന്നാണെന്ന് രേഖകള്‍ പറയുന്നു. പോലീസ് തലപ്പത്ത് നിന്നുള്ള നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് ഈ കണക്കെടുത്തത്. 

ആഭ്യന്തര സെക്രട്ടറിക്ക് ഒപ്പമുള്ള പോലീസുകാരെ നിയോഗിച്ചതാകട്ടെ ഡിജിപിയുടെ ഉത്തരവില്ലാതെയും. ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന പോലീസുകാരേക്കുറിച്ച് നടത്തിയ പുതിയ കണക്കെടുപ്പിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നത്. ആഭ്യന്തരസെക്രട്ടറി സുബ്രതോ ബിശ്വാസിനൊപ്പമുള്ളത് 5 പോലീസുകാർ. പക്ഷെ ഇതിലുള്ള 2 പൊലീസുകാരുടെ ഡെപ്യുട്ടേഷൻ പൊലീസ് കമ്മീഷ്ണറുടെ വാക്കാലുള്ള നിർദ്ദേശപ്രകാരമാണ്. ഡിജിപിയുടെ ഉത്തരവില്ലാതെ പൊലീസുമാരുടെ ഡെപ്യൂട്ടേഷൻ പാടില്ലെന്ന ചട്ടം നിലനിൽക്കെയാണ് ഇത്. തിരുവനന്തപുരം നഗരത്തിലാകെ 81 പേർക്കാണ് പൊലീസ് സംരക്ഷണം ഉള്ളത്. ഇതിൽ മന്ത്രിമാരും ഉദ്യേഗസ്ഥരും ജഡ്ജിമാരും ഉൾപ്പെടുന്നു. സുരക്ഷാ ഭീഷണിയുള്ള ഒരു വക്കീലിനും പൊലീസ് കാവലുണ്ട്.