തിരുവനന്തപുരം : നന്തന്‍കോട് കൊലക്കേസ് പ്രതി കേഡല്‍ ജീന്‍സന്‍ രാജയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇടയ്ക്ക് ബോധം വീണപ്പോള്‍ 'എനിക്ക് ജീവിക്കണം' എന്ന് കേഡല്‍ പറഞ്ഞതായി ആശുപത്രി വൃത്തങ്ങള്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി തുടരവേ ഭക്ഷണം കഴിക്കുന്നതിനിടെ അപസ്മാരം ഉണ്ടാകുകയും ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. 

കേഡലിന്‍റെ ചികിത്സയെ സംബന്ധിച്ച് മെഡിസിന്‍ വകുപ്പ് മേധാവി ഡോ.രവികുമാര്‍ കുറുപ്പിന്റെ നേതൃത്വത്തില്‍ ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.ആശുപത്രിയില്‍ കഴിയുന്ന കേഡലിന് വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെങ്കിലും മരുന്നുകളോട് ശരീരം കാര്യമായി പ്രതികരിച്ചു തുടങ്ങിയിട്ടില്ല. ഇതിനിടയില്‍ വെള്ളിയാഴ്ച ന്യുമോണിയ കൂടി ബാധിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായിട്ടുണ്ട്. 

മാനസികരോഗത്തിന് മരുന്ന് കഴിക്കുന്ന കേഡലിനെ പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരുന്നത്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് നിലവില്‍ ചികിത്സ പുരോഗമിക്കുന്നത്. ഇത് തുടരുവാനും യോഗം തീരുമാനിച്ചു. അടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം തിങ്കളാഴ്ചയാണ് ചേരുക.

നന്തന്‍കോട് കൂട്ടകൊലക്കേസില്‍ പ്രതിയായ കേഡല്‍ ജീന്‍സന്‍ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ഉള്‍പ്പെടെ നാലുപേരെയാണ് കൊലപ്പെടുത്തിയത്.