രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ വാഷിംഗ്ടണിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൈറ്റ് ഹൗസ് ഹൃദ്യമായ സ്വീകരണം നല്‍കും. ട്രംപ് ഇതുവരെ ഇന്ത്യയെ അവഗണിച്ചു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് അമേരിക്കന്‍ വിദേശകാര്യവകുപ്പ് വ്യക്തമാക്കി. യാത്രാമധ്യേ പോര്‍ച്ചുഗലില്‍ എത്തിയ മോദി, പ്രധാനമന്ത്രി അന്‍റോണിയോ കോസ്റ്റോയുമായി കൂടിക്കാഴ്ച നടത്തി.

നാലു ദിവസത്തെ വിദേശ സന്ദര്‍ശനത്തിന് പുറപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചിനാണ് പോര്‍ച്ചുഗലില്‍ എത്തിയത്. പ്രധാനമന്ത്രി അന്‍റോണിയോ കോസ്റ്റയുമായി മോദി കൂടിക്കാഴ്ച നടത്തി. നാളെ വാഷിംഗ്ടണില്‍ എത്തുന്ന മോദിക്ക് ഹൃദ്യമായ വരവേല്‍പാണ് വൈറ്റ് ഹൗസ് ഒരുക്കുന്നത്. ആറു മണിക്കൂറോളം തിങ്കളാഴ്ച മോദി വൈറ്റ് ഹൗസില്‍ ഉണ്ടാവും. പ്രസിഡന്റ് ട്രംപും മോദിയും പ്രത്യേക ചര്‍ച്ച നടത്തും. നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസില്‍ ട്രംപ് അത്താഴ വിരുന്നും നല്കുന്നുണ്ട്. അധികാരത്തിലെത്തിയ ശേഷം ഡോണള്‍ഡ് ട്രംപ് ഇതാദ്യമായാണ് ഒരു രാഷ്‌ട്രത്തലവന്‍ വൈറ്റ് ഹൗസില്‍ വിരുന്നൊരുക്കുന്നത്.

അമേരിക്കയില്‍ നിന്ന് 22 അത്യാധുനിക പെലറ്റില്ലാ നിരീക്ഷണ വിമാനമായ ട്രോണ്‍ വാങ്ങുന്നതിന് ഉള്‍പ്പടെയുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവയ്‌ക്കും. പ്രസിഡ്ന്റ് ട്രംപ് ഇതുവരെ ഇന്ത്യയെ അവഗണിച്ചു എന്ന ആരോപണം ശരിയല്ലെന്നും ഭീകരവാദം, പ്രതിരോധ സഹകരണം, ഊര്‍ജ്ജം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. എച്ച് വണ്‍ ബി വിസയെ ചൊല്ലിയുളള തര്‍ക്കം ഇന്ത്യ ഉന്നയിച്ചാല്‍ ചര്‍ച്ച ചെയ്യാം എന്നാണ് അമേരിക്കന്‍ നിലപാട്.