നരേന്ദ്ര മോദി ആപ്പിലും ചോർച്ചയെന്ന് രാഹുൽ ഗാന്ധി വിവരം അമേരിക്കൻ കമ്പനിക്ക് ചോർത്തുന്നതായി രാഹൂൽ ഫ്രഞ്ച് വിദഗ്ധൻറെ വെളിപ്പെടുത്തലിനെ തുടർന്ന് വിവാദം
ദില്ലി: നരേന്ദ്ര മോദി ആപ് ഉയോഗിക്കുന്നവരുടെ സ്വകാര്യ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സുഹൃത്തുക്കൾക്ക് നല്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. ആപ്പിൽ രജിസ്റ്റർ ചെയ്യുന്നവരുടെ വിവരങ്ങൾ ക്ളെവർ ടാപ് എന്ന അമേരിക്കൻ കമ്പനിക്ക് കിട്ടുന്നു എന്ന ഫ്രഞ്ച് സുരക്ഷാ വിദഗ്ധൻ ഇലിയട്ട് ആൾഡേഴ്സൺ വെളിപ്പെടുത്തിയിരുന്നു.
ഹായ്, എൻറെ പേര് നരേന്ദ്ര മോദി. ഞാൻ ഇന്ത്യയുടെ പ്രധാനമന്ത്രി. എൻറ് ഔദ്യോഗിക ആപിൽ നിങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ഞാൻ നിങ്ങളുടെ എല്ലാ വിവരവും അമേരിക്കൻ കമ്പനികളിലെ എൻറെ സുഹൃത്തുക്കൾക്കു നല്കും. നരേന്ദ്ര മോദിക്കെത്രി ഈ വാക്കുകളുമായി ട്വിറ്ററിൽ രംഗത്തെത്തിയ രാഹുൽ ഗാന്ധി വിവരം മുഖ്യധാരാ മാധ്യമങ്ങൾ മറച്ചു വയ്ക്കുന്നു എന്നും ആരോപിച്ചു. ഫ്രഞ്ച് സുരക്ഷാ വിദ്ധൻ ഇലിയട്ട് ആൾഡേഴ്സൻറെ വെളിപ്പെടുത്തലാണ് രാഹുൽ ഗാന്ധി ഉദ്ധരിച്ചത്.
നരേന്ദ്ര മോദി ആപ് എന്ന പ്രധാനമന്ത്രിയുടെ മൊബൈൽ ആപ്ളിക്കേഷൻ 50 ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ആപ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് ചോരുന്നു എന്നാണ് സൈബർ സുരക്ഷയിൽ ഗവേഷണം ചെയ്യുന്ന ആൾഡഴ്സൺ ട്വീറ്റ് ചെയ്തത്. ആപ് ഉപയോഗിക്കുന്നവരുടെ സമ്മതമില്ലാതെയാണ് ഈ ഡാറ്റാ കൈമാറ്റം എന്ന് ആൾഡേഴ്സൺ പറയുന്നു.
ഏതു മൊബൈലാണ് ഉപയോഗിക്കുന്നത്. സോഫ്റ്റ്വെയർ ഏതാണ്, ഉപയോഗിക്കുന്ന നെറ്റ്വർക്ക് തുടങ്ങിയ വിവരങ്ങൾ മൂന്നാമതൊരു വെബ്സൈറ്റിലേക്ക് പോകുന്നു. ഒപ്പം ആപ് ഉപയോഗിക്കുന്നവരുടെ പേര്, ഫോട്ടോ, ഇമെയിൽ വിലാസം എന്നിവയും കൈമാറുന്നു. അമേരിക്കൻ കമ്പനിയായ ക്ളെവർടോപാണ് ഈ സൈറ്റിൻറെ ഉടമസ്ഥരെന്നും ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ നല്കുന്ന കമ്പനിയാണിതെന്നും ആൻഡേഴ്സൺ പറയുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് ആരോപണത്തോട് പ്രതികരിച്ചിട്ടില്ല. കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടപെടാൻ ഫെയ്സ് ബുക്കിലെ വിവരങ്ങൾ ചോർത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് നരേന്ദ്ര മോദി ആപിനെ ചൊല്ലിയും വിവാദം.
