അമേരിക്ക,ലണ്ടൻ, യൂറോപ്പ് തുടങ്ങി പതിനഞ്ചോളം വിദേശരാജ്യങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുള്ള നർത്തകിയുടെ സ്വപ്നമാണ് വെള്ളിയമ്പലം സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരിലുള്ള തന്‍റെ നൃത്തവിദ്യാലയം. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായെത്തുന്നു

ചെന്നൈ: ചരിത്രത്തിലാദ്യമായി പത്മ പുരസ്കാരം ലഭിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറാണ് നര്‍ത്തകി. 54കാരിയായ നര്‍ത്തകി തമിഴ്‌നാട്ടിലെ മധുര സ്വദേശിയാണ്. പത്മശ്രീ എന്ന ചരിത്രനേട്ടത്തിലെത്തിയപ്പോളും നര്‍ത്തകി കടന്നുവന്ന പാതകള്‍ എളുപ്പമുള്ളതായിരുന്നില്ല.

ആറാമത്തെ വയസ് മുതല്‍ നൃത്തം അഭ്യസിച്ചിട്ടുള്ള നര്‍ത്തകി തന്‍റെ ട്രാന്‍സ് വ്യക്തിത്വം ആളുകള്‍ തിരിച്ചറിഞ്ഞതോടെയായിരുന്നു നാടുവിട്ടത്. പിന്നീട് പ്രശസ്ത നര്‍ത്തകന്‍ കെ പി കിട്ടപ്പപിള്ളയെ നൃത്ത അഭ്യാസത്തിനായി സമീപിക്കുകയായിരുന്നു. കളിയാക്കലുകളോടും അവഹേളനങ്ങളോടും പടപൊരുതി നര്‍ത്തകി നൃത്തം പരിശീലിച്ചു. ട്രാന്‍സ് വ്യക്തിത്വങ്ങളോടുള്ള സമൂഹത്തിന്‍റെ അവഗണനയെ ചെറുത്തുതോല്‍പിപ്പിക്കാൻ നർത്തകിക്ക് നൃത്തത്തിലൂടെ കഴിഞ്ഞു. അവർ പരിശീലനം തുടരുകയും നിരന്തരം അഭ്യസിക്കുകയും ചെയ്ത് മുൻനിരയിലെത്തി. 14 വര്‍ഷം അദ്ദേഹത്തിന്റെ കീഴില്‍ നൃത്തം അഭ്യസിച്ച നര്‍ത്തകി നായകി ഭാവ പാരമ്പര്യമാണ് നൃത്തത്തില്‍ പിന്തുടരുന്നത്.

നർത്തകിയുടെ ദൃഢവിശ്വാസമായിരുന്നു അവരെ മുന്നിരയിലെത്തിച്ചത്. അമേരിക്ക,ലണ്ടൻ, യൂറോപ്പ് തുടങ്ങി പതിനഞ്ചോളം വിദേശരാജ്യങ്ങളിൽ നൃത്തം അവതരിപ്പിച്ചിട്ടുള്ള നർത്തകിയുടെ സ്വപ്നമാണ് വെള്ളിയമ്പലം സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരിലുള്ള തന്‍റെ നൃത്തവിദ്യാലയം. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനായെത്തുന്നു. ശിവ ഭഗവാനോടുള്ള ഭക്തിയാണ് തന്റെ ഡാന്‍സ് സ്‌കൂളിന് വെള്ളിയമ്പലം സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന പേര് നല്‍കാന്‍ നര്‍ത്തകിയെ പ്രേരിപ്പിച്ചത്. 

തമിഴ്നാട് സർക്കാരിന്റെ കലൈമണി പരുസ്കാരമുൾപ്പടെ നിരവധി പുരസ്കാരങ്ങൾ നർത്തകി കരസ്ഥമാക്കിയിട്ടുണ്ട്. കാവാലം നാരായണപണിക്കരുടെയും ഇരയിമ്മൻതമ്പിയുടെയും കാവ്യങ്ങൾ ഭരതനാട്യരൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആലായാൽ തറ വേണം. എന്ന ഗാനത്തിന്‍റെ ഭരതനാട്യ രൂപം നിരവധി വേദികളിൽ ആടിയിട്ടുണ്ട്.