Asianet News MalayalamAsianet News Malayalam

'ഹൗ ഈസ് ദി ജോഷ്'; ഇന്ത്യന്‍ വ്യോമസേനയെ നെഞ്ചേറ്റി രാജ്യം

രാജ്യത്തിന്‍റെ എല്ലാ മേഖലകളില്‍ നിന്നുള്ളവരും വ്യോമസേനയുടെ മികവിനെ നെഞ്ചേറ്റിയിരുക്കുകയാണ്. രാഷ്ട്രീയം മറന്ന് രാഹുലും കെജ്‍രിവാളുമെല്ലാം വ്യോമസേനയെ പുകഴ്ത്തി രംഗത്ത് വന്നു കഴിഞ്ഞു

Nation congratulates indian airforce for balakot attack
Author
Delhi, First Published Feb 26, 2019, 1:17 PM IST

ദില്ലി: പുല്‍വാമ ഭീകരാക്രമണം നടന്ന് 12-ാം ദിനം ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നു. 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച പുല്‍വാമയുടെ മുറിവുണങ്ങും മുമ്പ് ഇന്ത്യന്‍ വ്യോമസേന നല്‍കിയ തിരിച്ചടി രാജ്യമൊന്നാകെ ഏറ്റെടുത്തിരിക്കുകയാണ്.

രാജ്യത്തിന്‍റെ എല്ലാ മേഖലകളില്‍ നിന്നുള്ളവരും വ്യോമസേനയുടെ മികവിനെ നെഞ്ചേറ്റിയിരുക്കുകയാണ്. രാഷ്ട്രീയം മറന്ന് രാഹുലും കെജ്‍രിവാളുമെല്ലാം വ്യോമസേനയെ പുകഴ്ത്തി രംഗത്ത് വന്നു കഴിഞ്ഞു. സിനിമ ലോകവും കായിക രംഗവുമെല്ലാം ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ സന്തോഷം രേഖപ്പെടുത്തുന്നു.

ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഉയരുന്ന ഒരു ഡയലോഗാണ് 'ഹൗ ഈസ് ദി ജോഷ്'(ഉഷാറല്ലേ). 2016ല്‍ ജമ്മു കശ്മീരിലെ ഉറിയില്‍ നടന്ന അപ്രതീക്ഷിത ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയുടെ ചലച്ചിത്ര രൂപമായ 'ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്'ലെ സംഭാഷണമാണ് ഹൗ ഈസ് ദി ജോഷ്. രാജ്യസഭ എംപി സുരേഷ് ഗോപി, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍ തുടങ്ങിയവരെല്ലാം വ്യോമസേനയുടെ ആക്രമണത്തെ 'ഹൗ ഈസ് ജോഷ്' ഉപയോഗിച്ചാണ് അഭിനന്ദിച്ചത്.

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ ഭീകരതാവളങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകർത്തതായി ഇന്ത്യ വ്യക്തമാക്കി.

ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ ഭാര്യാ സഹോദരനും ജയ്ഷെ കമാൻഡറുമായ യൂസുഫ് അസർ അഥവാ ഉസ്താദ് ഖോറി എന്നിവരുൾപ്പടെ നിരവധി ജയ്ഷെ നേതാക്കളെയും വധിച്ചതായും ഇന്ത്യ വ്യക്തമാക്കി. ഇത് പാകിസ്ഥാനെതിരെയുള്ള ഒരു സൈനിക നീക്കമല്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. അതിർത്തിയിൽ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയിട്ടുള്ളത്.

ഇന്ത്യയ്ക്ക് നേരെ ആക്രമണങ്ങളുണ്ടാകുമെന്ന് ഇന്‍റലിജൻസ് കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. ഇതിനായി ഫിദായീൻ തീവ്രവാദികളെ പരിശീലിപ്പിക്കുന്നതായും വിവരം ലഭിച്ചു. ഈ സാഹചര്യത്തിൽ പാക്കിസ്ഥാനിൽ നിന്ന് തന്നെയുള്ള വിവരങ്ങൾ വച്ച് ജയ്ഷെയുടെ ഏറ്റവും വലിയ കേന്ദ്രം ആക്രമിച്ച് തകർക്കുകയായിരുന്നു. - വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.

Follow Us:
Download App:
  • android
  • ios