കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാര്‍ നടത്തിയ സെെക്കിള്‍ റാലി മൂലം അര മണിക്കൂര്‍ ഗതാഗത കുരുക്കില്‍ കിടന്ന ശേഷമാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാനായതെന്ന് അച്ഛന്‍ നസീം പറഞ്ഞിരുന്നു
ദില്ലി: ഹരിയാനയില്‍ നവജാത ശിശു മരണപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഹരിയാന സര്‍ക്കാരിനോടും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനോടുമാണ് കമ്മീഷന്‍ വിശദീകരണം തേടിയിരിക്കുന്നത്. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അശോക് തന്‍വാര്‍ നടത്തിയ സെെക്കിള്‍ റാലിയില്‍ ആംബുലന്‍സ് കുടുങ്ങിയത് മൂലം കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണ കാരണമെന്നാണ് ആക്ഷേപം.
കഴിഞ്ഞ 22ന് ഹരിയാനയിലെ സോനിപറ്റിലായിരുന്നു സംഭവം. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് തന്‍വാര്‍ നടത്തിയ സെെക്കിള്‍ റാലി മൂലം അര മണിക്കൂര്‍ ഗതാഗത കുരുക്കില്‍ കിടന്ന ശേഷമാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാനായതെന്ന് അച്ഛന്‍ നസീം പറഞ്ഞിരുന്നു. ഒരു സ്വകാര്യ ആശുപത്രിയിലാണ് നസീമിന്‍റെ ഭാര്യം പ്രസവിച്ചത്.
എന്നാല്‍, 12 മണിക്കൂറിന് ശേഷം കുട്ടിയെ എത്രയും വേഗം വിദഗ്ധ ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. പക്ഷേ, റോത്തക്കിലെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് കൊണ്ടു പോകുന്ന സമയത്ത് സെെക്കിള്‍ റാലി മൂലമുണ്ടായ ഗതാഗത കുരുക്കില്‍ ആംബുലന്‍സ് പെടുകയായിരുന്നു. ഇതോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആദ്യം സ്വകാര്യ ആശുപത്രിക്കെതിരെ നസീം രംഗത്ത് വന്നെങ്കിലും പിന്നീട് റാലിയാണ് തന്‍റെ കുഞ്ഞിന്‍റെ മരണത്തിന് ഇടയാക്കിയതെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, പരാതിയില്‍ ആരുടെയും പേരുകള്‍ നല്‍കിയിട്ടില്ലെന്നും കേസില്‍ അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് ഇക്കാര്യത്തില്‍ നല്‍കുന്ന വിശദീകരണം.
സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളാണ് ശിശുവിന്‍റെ മരണത്തിന് ഇടയാക്കിയതെന്നാണ് തന്‍വാര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. മാസം തികയുന്നതിന് മുമ്പുള്ള പ്രസവമായതിനാല്‍ കുട്ടിക്ക് ശ്വാസതടസമുണ്ടായിരുന്നു. എന്നിട്ടും ആംബുലന്‍സില്‍ ഓക്സിജന്‍ സൗകര്യമോ ഒന്നുമില്ലായിരുന്നു. കൃത്യമായി ചികിത്സ സൗകര്യങ്ങള്‍ ലഭിക്കാത്തതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആംബുലന്‍സ് കടത്തി വിടാന്‍ അവരുടെ കഴിവിന്‍റെ പരമാവധി ശ്രമിച്ചിരുന്നതായും തന്‍വാര്‍ പറഞ്ഞു.
