കൊച്ചി:  വ്യാപാരികൾ സഹകരിക്കില്ലെങ്കിലും വരുന്ന ദേശീയ പണിമുടക്കിന് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍. തൊഴിലാളി സംഘടനകൾക്കൊപ്പം മോട്ടോർ മേഖലയും, ബാങ്കിംഗ് തൊഴിലാളി സംഘടനകളും വരുന്ന 8, 9 തിയതികളിൽ നടക്കുന്ന പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു. കേന്ദ്രസർക്കാരിന്‍റേത് തൊഴിലാളി വിരുദ്ധ നയമെന്ന് ആരോപിച്ചാണ് വിവിധ സംഘടനകൾ പണിമുടക്ക് നടത്തുന്നത്.

വർഷം പിറന്ന് ഉടനടിയുണ്ടായ ഹർത്താലിന് തൊട്ടു പിറകെ രണ്ട് ദിവസത്തെ പണിമുടക്ക് കൂടിയാണ് ജനത്തിന് അനുഭവിക്കേണ്ടി വരിക. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകൾ ചേർന്നാണ് കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ പണിമുടക്ക് നടത്തുന്നത്. 

അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയുക, തൊഴില്ലിലായ്മ പരിഹരിക്കുക, മിനിമം വേതനവും പെൻഷനും കൂട്ടുക തുടങ്ങിയവയാണ് ആവശ്യങ്ങൾ. ഇന്ധന വിലക്കയറ്റം നിയന്ത്രിക്കുക, ഇൻഷുറൻസ് പ്രീമിയം വർധനവ് പിൻവലിക്കുക, പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തടയുന്ന മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാക്കാതിരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മോട്ടോർ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നത്. കെഎസ്ആർടിസി, ടാക്സി, സ്വകാര്യ ബസ്, ചരക്ക് ലോറികൾ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും.

തൊഴിലാളികളും, കർഷക സംഘടനകളും ചേർന്ന് നടത്തുന്ന പണിമുടക്കിന് എഐബിഇഎ,  ബിഇഎഫ്ഐ  തുടങ്ങി ബാങ്കിംഗ് ഇൻഷുറൻസ് മേഖലയിലെ സംഘടനകളുടെയും പിന്തുണയുണ്ട്. പുറംകരാർ വല്‍ക്കരണം നിർത്തുക, കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ തിരിച്ച് പിടിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.