Asianet News MalayalamAsianet News Malayalam

ദേശീയ പണിമുടക്ക്; വടക്കേ ഇന്ത്യയിൽ സമ്മിശ്ര പ്രതികരണം, സമരസമിതി പാർലമെന്‍റിലേക്ക് മാർച്ച് നടത്തി

ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസവും വടക്കേ ഇന്ത്യയിൽ സമ്മിശ്ര പ്രതികരണം. സമരസമിതിയുടെ നേതൃത്വത്തിൽ പാർലമെന്‍റിലേക്ക് മാർച്ച് നടത്തി.

National strike updates from northern states
Author
Delhi, First Published Jan 9, 2019, 3:01 PM IST

ദില്ലി: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിവസവും വടക്കേ ഇന്ത്യയിൽ സമ്മിശ്ര പ്രതികരണം. സമരസമിതിയുടെ നേതൃത്വത്തിൽ പാർലമെന്‍റിലേക്ക് മാർച്ച് നടത്തി.

ബംഗാളിലും ഛത്തീസ്ഗഡിലും ഒഡീഷയിലും പണിമുടക്കിനിടെ അക്രമങ്ങളുണ്ടായി. രാവിലെ പതിന്നൊന്നരയോടെ മണ്ഡി ഹൗസിൽ നിന്നാരംഭിച്ച മാർച്ച് പാർലമെന്‍റ് സ്ട്രീറ്റിൽ പൊലീസ് തടഞ്ഞു. അടിസ്ഥാന ശമ്പള വർധനവുൾപ്പെടെയുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായിയിലെങ്കിൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

മുംബൈ, ദില്ലി, പൂനെ ഉൾപ്പടെയുള്ള നഗരങ്ങളെ പണിമുടക്ക് ബാധിച്ചില്ല. എന്നാൽ കൊൽക്കത്തയിൽ പരക്കെ അക്രമം ഉണ്ടായി. ഹൗറയിൽ ബസിനു നേരെയുള്ള കല്ലേറിൽ രണ്ടുവിദ്യാർഥികൾക്ക് പരുക്കേറ്റു. ദിൻഹത്തയിലും ട്രാൻസ്പോർട്ട് ബസ് അടിച്ചുതകർത്തു. പ്രതിഷേധങ്ങളെ തുടർന്ന് ജീവനക്കാർ ഹെൽമറ്റ് ധരിച്ചായിരുന്നു ബസ് ഓടിച്ചത്.

ഭുവനേശ്വറിലും ഛത്തീസ്ഗഡിലും പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലയിൽ പണിമുടക്ക്‌ പൂർണമാണ്. ഇടതുപക്ഷ സംഘടനകൾക്ക് സ്വാധീനമുള്ള ധാണു, പാൽഘർ, വിക്രംഘട്ട് പ്രദേശങ്ങളിൽ ഇന്നും കടകളും ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്.

ബൊയിസറിൽ സമരക്കാർ മഹാറാലി നടത്തി. ഗോവയിലെ ടൂറിസം മേഖലയിൽ സമരം ബാധിച്ചില്ല. ഖനി- ഊർജ-വ്യാവസായിക മേഖല രണ്ടാം ദിവസവും സ്തംഭിച്ചു. ബാങ്കിംഗ്, ഇൻഷുറൻസ്, പോസ്റ്റൽ മേഖലകളെയും സമരം ബാധിച്ചു.

Follow Us:
Download App:
  • android
  • ios