അഞ്ചാലുംമൂട്: കസ്ററഡിയിലെടുത്ത ബൈക്ക് ഓടിക്കാന്‍ ഹെല്‍മറ്റില്ലാത്ത പോലീസുകാരന് നാട്ടുകാര്‍ മുട്ടന്‍ പണികൊടുത്തു. വെള്ളിയാഴ്ച രാവിലെ കൊല്ലം അഞ്ചാലുംമൂടിലാണ് പോലീസിനെ അങ്കലാപ്പിലാക്കിയ സംഭവമുണ്ടായത്. നാടകീയ സംഭവങ്ങളുടെ തുടക്കം ഇങ്ങനെ, അഞ്ചാലംമൂട് ജങ്ക്ഷന് സമീപം പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ മൂന്നുപേരുമായെത്തിയ ബൈക്ക് കസ്റ്റഡിയിലെടുത്തു.
ഓടിച്ചയാളെയും കയറ്റി പോലീസ് ബൈക്കില്‍ പോലീസ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നിതിനിടെയാണ് നാട്ടുകാരായ യുവാക്കള്‍ രംഗത്ത് എത്തിയത്. ബൈക്ക് ഓടിക്കുന്ന പോലീസുകാരുനും ഹെല്‍മെറ്റ് ധരിക്കണമെന്നായിരുന്നു ഇവരുടെ വാദം. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. പോലീസിനെ തടഞ്ഞ് ഹെല്‍മറ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. എന്നാല്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന എസ് ഐയും സംഘവും ബലപ്രയോഗത്തിലൂടെയാണ് പോലിസുകാരനെയും യുവാവിനെയും ബൈക്കുമായി കടത്തിവിട്ടത്.
ഹെല്‍മറ്റ് ധരിക്കാത്തതിന്‍റെ പേരില്‍ ഇരുചക്രവാഹനക്കാരെ കണ്‍ട്രോള്‍ റൂം പോലീസ് സംഘം വാഹനം വട്ടംവച്ച് പിടികൂടാന്‍ ശ്രമിക്കുന്നതും മറ്റ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ ഇടയാക്കുന്നതായി പരാതിയുണ്ട്. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള കണ്‍ട്രോള്‍ റൂം പൊലീസിന്റെ വാഹനമാണ് ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രികര്‍ക്ക് മുന്നില്‍ ഇടുന്നത്. ഇതുമൂലം ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്.
