കശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുന്നു. ആറായിരത്തോളം പേര്‍ക്കാണ് പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. നിഷ്കളങ്കരായ കശ്മീരികള്‍ ആക്രമിക്കപ്പെടുന്നു. കുട്ടികള്‍ക്ക് വരെ പെല്ലറ്റുകളേറ്റ് പരിക്കേല്‍ക്കുന്നു. കശ്‍മീരില്‍ നിന്ന് സൈന്യത്തെ ഇന്ത്യ പിന്‍വലിക്കണം. പെല്ലറ്റ് തോക്ക് ആക്രമണത്തില്‍ രണ്ട് മാസത്തിനിടെ 100പേര്‍ക്ക് കാഴ്ച നഷ്‌ടമായെന്നും ഇന്ത്യയുടെ നടപടികളില്‍ സ്വതന്ത്ര അന്വേഷണത്തിന് ഐക്യരാഷ്‌ട്ര സഭ തയ്യാറാകണമെന്ന് ഷെരീഫ് ആവശ്യപ്പെട്ടു. കശ്‍മീരില്‍ കൊല്ലപ്പെട്ട ഹിസ്ബൂള്‍ മുജാഹിദ്ദീന്‍ ബുര്‍ഹാന്‍ വാണി സമാധാനത്തിനായി ജീവത്യാഗം ചെയ്ത നേതാവാണെന്നും അദ്ദേഹം പറഞ്ഞു

പാകിസ്ഥാന്‍ തീവ്രവാദത്തിന്റെ ഇരയാണ്. ഇന്ത്യയുമായി സമാധാനമാണ് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നത്. യുദ്ധത്തിനില്ല. കശ്‍മീര്‍ പ്രശ്നം പരിഹരിക്കാതെ ഇന്ത്യയുമായി സമാധാനമുണ്ടാക്കാനാകില്ലെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ചര്‍ച്ചയ്ക്ക് പാകിസ്ഥാന്‍ തയ്യാറാണ്. ഇന്ത്യയാണ് ചര്‍ച്ചക്ക് തയ്യാറാവാത്തത്. ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ മുന്നോട്ടുവെയ്ക്കുന്ന നിബന്ധനകള്‍ അംഗീകരിക്കാനാവില്ല. ഭീകരവാദം ആഗോളപ്രശ്നമാണ്. ഭീകരതക്കെതിരായ യുദ്ധത്തില്‍ പാകിസ്ഥാന്‍ ഇതുവരെ ജയിച്ചിട്ടില്ല. പതിനായിരക്കണക്കിന് സിവിലിയന്മാരും പാകിസ്ഥാന്‍ സൈനികരും തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനെ നേരിടാന്‍ കൂട്ടായ ശ്രമമാണ് വേണ്ടത്. വികസനത്തെ തകിടംമറിക്കാന്‍ വിദേശ ശക്തികളെ അനുവദിക്കില്ലെന്നും ഷെരീഫ് പറഞ്ഞു. കശ്മീരിലെ ഉറിയില്‍ കഴിഞ്ഞദിവസത്തെ ഭീകരാക്രമണത്തിന് ശേഷം പാക് പ്രധാനമന്ത്രിയുടെ പ്രസംഗം ലോകം ആകാംക്ഷാപൂര്‍വ്വമാണ് കാത്തിരുന്നത്.