സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം. വൈകിട്ടാണ് ഉത്തരവ് ഇറങ്ങിയത്.

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മകൾ നിരഞ്ജന എൻ. നായർക്ക് ജോലി നൽകാൻ സർക്കാർ തീരുമാനം. ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിയമനം നൽകിയാണ് റവന്യൂ വകുപ്പിൻ്റെ ഉത്തരവ്. ഉത്തരവ് ഇന്നാണ് പുറത്തിറങ്ങിയത്. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം. ഭക്ഷ്യ സുരക്ഷാവകുപ്പിൽ ഓഫീസറായിട്ടാണ് നിയമനം നൽകുക. നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ് സർക്കാർ തീരുമാനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി പി ദിവ്യ, പരസ്യമായി അധിക്ഷേപിച്ചതിന് പിറകെയായിരുന്നു നവീൻ ബാബുവിന്‍റെ ആത്മഹത്യ. ഒക്ടോബര്‍ 14 ന് നടന്ന യാത്രയയപ്പ് യോഗത്തിലാണ് വിവാദങ്ങളുടെ തുടക്കം. ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷ ചൊരിഞ്ഞത് ആക്ഷേപങ്ങൾ മാത്രം. സ്ഥലംമാറ്റത്തിന്റെ സന്തോഷം തല്ലിക്കെടുത്തിയ വാക്കുകൾ. കിട്ടിയ ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് നവീൻ ബാബു കളക്ടറേറ്റ് വിട്ടിറങ്ങിയത്. രാത്രി 8.55നുള്ള മലബാർ എക്സ്പ്രസിനായിരുന്നു നവീൻ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നത്. പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീൻ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിക്കുന്നത്. എഡിഎമ്മിന്റെ ഡ്രൈവർ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.