ഇസ്ലാമാബാദ്: നവാസ് ഷെരീഫിന്റെ സഹോദരനും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഷഹബാസ് ഷരീഫ് പാകിസ്താന്‍ പ്രധാനമന്ത്രിയാകും. പാക് സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് നവാസ് ഷെരീഫ് രാജിവച്ച സാഹചര്യത്തിലാണ് ഷഹബാസ് പ്രധാനമന്ത്രിയാകുന്നത്. നവാസ് ഷെരീഫിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം എടുത്തത്. നിലവില്‍ പാര്‍ലമെന്‍റ് അംഗമല്ലാത്തതിനാല്‍ ഷഹബാസ് ഷെരീഫിന് ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കേണ്ടി വരും. 

സൈനിക അട്ടിമറി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ ഉന്നതതല യോഗം ചേര്‍ന്ന് ഷഹബാസിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. ഷെരീഫിന് പ്രതികൂലമായി സുപ്രീം കോടതി വിധി വന്നാല്‍ സൈനിക അട്ടിമറി നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിരോധ മന്ത്രി ഖ്വാജ അസീസിന്റെ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നുവെങ്കിലും സഹോദരനെ പ്രധാനമന്ത്രിയാക്കാനായിരുന്നു ഷെരീഫിന്റെ തീരുമാനം. 

ഷെരീഫും കുടുംബവും അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പാനമ റിപ്പോര്‍ട്ട് ശരിവച്ചു കൊണ്ടാണ് സുപ്രീം കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയത്. ഷെരീഫിന്റെ മകള്‍ മറിയം, മകന്‍ ഹുസൈന്‍ എന്നിവരും കേസില്‍ പ്രതികളാണ്.