ജയിലിലെ ശുചിമുറി വൃത്തി പോരെന്നും നവാസ് ഷെരീഫ് സൗകര്യങ്ങള്‍ പര്യാപ്തമെന്ന് നവാസ് ഷെരീഫിന്‍റെ മകളും കൂട്ടുപ്രതിയുമായ മറിയം

ഇസ്ലാമാബാദ്: ജയിലിലെ സൗകര്യങ്ങള്‍ പോരെന്ന പരാതിയുമായി അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. 

ജയിലില്‍ താന്‍ കഴിയുന്ന ബി ക്ലാസ് മുറിയില്‍ എസിയോ കിടക്കയോ ഇല്ലെന്നും ഉപയോഗിക്കുന്ന ശുചിമുറി ഉപയോഗിക്കാനാകാത്ത വിധം വൃത്തിഹീനമാണെന്നുമാണ് കാണാനെത്തിയ അഭിഭാഷകരോട് നവാസ് ഷെരീഫ് പരാതിപ്പെട്ടത്. ഏറ്റവും മോശമായ സാഹചര്യത്തിലാണ് താന്‍ ജയിലില്‍ കഴിയുന്നതെന്നും നവാസ് ഷെരീഫ് പരാതിപ്പെട്ടു.

അതേസമയം കേസില്‍ കൂട്ടുപ്രതിയായ നവാസിന്റെ മകള്‍ മറിയം തനിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ജയില്‍ മുറിയിലുണ്ടെന്ന് അറിയിച്ചു. ഇരുവരും റാവല്‍പിണ്ടിയിലെ അഡിയാല സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്. 

ശിക്ഷയാരംഭിക്കുന്നതിന് മുമ്പേ നടത്തുന്ന വൈദ്യപരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയെന്നും രണ്ട് പേരും ആരോഗ്യത്തോടെയാണുള്ളതെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് നവാസ് ഷെരീഫും മകള്‍ മറിയവും അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായത്. നവാസ് ഷെരീഫിന് പത്തുവര്‍ഷവും കൂട്ടുപ്രതികളായ മകള്‍ക്കും മരുമകന്‍ മുഹമ്മദ് സഫ്ദറിനും ഏഴും ഒന്നും വര്‍ഷം വീതവുമാണ് തടവ്. തടവിന് പുറമേ മൂന്ന് പേര്‍ക്കും കനത്ത തുക പിഴയടയ്ക്കുകയും വേണം.