നെടുമ്പ്രം പഞ്ചായത്തിലേക്ക് മൊത്തമായും കുടിവെള്ളം എത്തിക്കുന്നത് ആറ്റിലെ വെള്ളം ശുദ്ധീകരിച്ചാണ്. നീരേറ്റുപുറം ജലശുദ്ധീകരണ ശാലയിൽ കുടിവെള്ള സംസ്കരണത്തിന് വെള്ളം ഉപയോഗിക്കുന്ന ആറ്റിലേക്കാണ് സാമൂഹ്യ വിരുദ്ധര്‍ അറവ് മാലിന്യങ്ങൾ നിക്ഷേപിച്ചത്
തിരുവല്ല: പമ്പയുടെ കൈവഴികളികളിൽ രാത്രികാലങ്ങളിൽ വലിയ രീതിയിൽ മാലിന്യം നിക്ഷേപിക്കുന്നു. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ആറിലെ മാലിന്യ നിക്ഷേപം തടയാൻ ജനകീയസേന രൂപകരിക്കാനൊരുങ്ങുകയാണ്, മാലിന്യ നിക്ഷേപം കൂടുതലായി നടക്കുന്ന നെടുമ്പ്രം പഞ്ചായത്ത്.
നെടുമ്പ്രം പഞ്ചായത്തിൽ മൊത്തമായും കുടിവെള്ളം എത്തിക്കുന്നത് ആറ്റിലെ വെള്ളം ശുദ്ധീകരിച്ചാണ്. നീരേറ്റുപുറം ജലശുദ്ധീകരണ ശാലയിൽ കുടിവെള്ള സംസ്കരണത്തിന് വെള്ളം ഉപയോഗിക്കുന്ന ആറ്റിലേക്കാണ് സാമൂഹ്യ വിരുദ്ധര്‍ അറവ് മാലിന്യങ്ങൾ നിക്ഷേപിച്ചത്. പാലത്തിന് മുകളിൽ നിന്ന് രാത്രിയിലാണ് മാലിന്യം ചാക്കിലാക്കി വലിച്ചെറിഞ്ഞത്. ഇത് മൂലം ആറിന് ഇരുകരകളിലേയും താമസക്കാര്‍ ദുര്‍ഗന്ധത്താൽ വീര്‍പ്പ് മുട്ടുകയാണ്.
സാമൂഹ്യവിരുദ്ധരെ നേരിടാനായി, എല്ലാ ആവശ്യങ്ങൾക്കും ആറിനെ ആശ്രയിക്കുന്ന നാട്ടുകാരെ സംഘടിപ്പിക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്. പ്രദേശത്ത് രാത്രികാല പൊലീസ് പട്രോളിംഗ് കര്‍ശനമാക്കണമെന്നും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നുമുള്ള ആവശ്യവും ശക്തമാണ്.
