കെവിനെ ആക്രമിച്ച സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് നീനുവിന്‍റെ അമ്മ രഹ്ന.
കോട്ടയം: കെവിനെ ആക്രമിച്ച സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് നീനുവിന്റെ അമ്മ രഹ്ന. താൻ ഒളിവിൽ പോയിട്ടില്ല. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നീനുവിനോടുള്ള സ്നേഹ കൂടുതൽ കൊണ്ട് മാത്രമാണ്. കെവിനുമായുള്ള ബന്ധം നീനു പറഞ്ഞിട്ടില്ലെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു.
നീനുവിനെ ചികിത്സിച്ചിരുന്നു. മകളെ പൊന്നുപോലെയാണ് വളര്ത്തിയത്. ഇക്കഴിഞ്ഞ പിറന്നാളിന് സ്കൂട്ടറും കഴിഞ്ഞ പിറന്നാളിന് ഡയമണ്ടിന്റെ മോതിരവുമാണ് സമ്മാനിച്ചതെന്നും രഹ്ന പറഞ്ഞു.
ഗള്ഫില് നിന്നും വന്നതിന് ശേഷം മകനെ കണ്ടിട്ടില്ല. മകള് പോയതിനെ ശേഷം ഭക്ഷണം പോലും വീട്ടില് വെക്കാറില്ല. കടുത്ത മാനസിക പ്രയാസത്തിലായിരുന്നു. കെവിനോട് മകളെ ഒന്ന് കാണിക്കാമോ എന്ന ചോദിച്ചിരുന്നു. വിവാഹം നടത്തി തരാമെന്നും പറഞ്ഞിരുന്നു- രഹ്ന പറഞ്ഞു.
കെവിന് കൊലക്കേസില് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാന് എത്തിയതായിരുന്നു നീനുവിന്റെ അമ്മ രഹ്ന. അന്വേഷണ സംഘത്തിന്റെ നിർദ്ദേശ പ്രകാരമാണിത്. കേസിൽ രഹ്നയെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
