സ്വാശ്രയസ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ എംബിബിഎസ് പ്രവേശനം നടത്തണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ എറണാകുളം ജില്ലയിലെ ഒരു സ്വാശ്രയ മെഡിക്കല്‍ കോളേജ് പ്രസിദ്ധീകരിച്ച മാനേജ്മെന്റ് സീറ്റിലേക്കുളള എംബിബിഎസ് പ്രവേശന പട്ടികയാണിത്. അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 4 28 144ആം റാങ്ക് നേടിയവര്‍ വരെ ഈ പട്ടികയിലുണ്ട്. നാലു ലക്ഷത്തിലേറെ റാങ്ക് നേടിയ 3 പേരും മൂന്നു ലക്ഷത്തിലേറെ റാങ്ക് നേടിയ എട്ട് പേരും പ്രവേശനം നേടി. എന്നാല്‍ റാങ്ക് പട്ടികയില്‍ മുപ്പതിനായിരത്തിനും 32000ത്തിനും ഇടയിലെത്തിയവര്‍ക്ക് പ്രവേശനം ലഭിച്ചില്ലെന്നാണ് പരാതി. ഇടുക്കിയിലെ മറ്റൊരു കോളേജാകട്ടെ മെഡിക്കല്‍ പ്രവേശനത്‌നിന് അപേക്ഷിച്ച 355 വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കി. ആവശ്യമായ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചില്ലെന്നാരോപിച്ചാണ് നടപടി. മെഡിക്കല്‍ സീറ്റ് പ്രവേശനത്തില്‍ ഹൈക്കോടതി ഉത്തരവുകള്‍ സ്വാശ്രയ കോളേജുകള്‍ ലംഘിക്കുന്നുവെന്ന് കാട്ടി അഞ്ച് വിദ്യാര്‍ത്ഥികള്‍ ജയിംസ് കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്. നീറ്റ് റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ സ്വാശ്രയ കോളേജുകള്‍മെരിറ്റ് റാങ്ക് പട്ടിക തയ്യാറാക്കണം. കൗണ്‍സിലിങ്ങിന് മുന്‍പായി മെരിറ്റ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റിക്ക് പരാതി നല്‍കിയിരിക്കുന്നത്. അനുകൂല ഉത്തരവ് ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് വിദ്യാര്‍ത്ഥികളുടെ ആലോചന.