ടീച്ചര്‍ രാഷ്ട്രീയമായി കൈകാര്യം ചെയ്യാനാണ്  ഉദ്ദേശിക്കുന്നതെങ്കില്‍ വിഷയം രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് എസ്.എഫ്.ഐ.സംസ്ഥാന സെക്കട്ടറി എം.വിജിന്‍ പറഞ്ഞു.

കാസര്‍കോട്: പടന്നക്കാട് നെഹ്രു കോളേജില്‍ പ്രിന്‍സിപ്പല്‍ പി.വി. പുഷ്പജയെ യാത്രയയപ്പിനിടെ ചില വിദ്യാര്‍ഥികള്‍ ആദരാഞ്ജലി അര്‍പ്പിച്ച് ബോര്‍ഡ് വെച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സംഭവം ടീച്ചര്‍ രാഷ്ട്രീയമായി കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വിഷയം രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് എസ്.എഫ്.ഐ.സംസ്ഥാന സെക്കട്ടറി എം.വിജിന്‍ പറഞ്ഞു. പുഷ്പജ ടീച്ചര്‍ വിഷയം സംസ്ഥാന തലത്തില്‍ തന്നെ ചര്‍ച്ചയായ സാഹചര്യത്തില്‍ എസ്.എഫ്.ഐ. നെഹ്രു കോളേജിന് മുന്നില്‍ സംഘടിപ്പിച്ച വിദ്യാര്‍ത്ഥി സംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു വിജിന്‍.

അധ്യാപികയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം എസ്.എഫ്.ഐ. അംഗീകരിക്കുന്നില്ലെന്നും പോസ്റ്റര്‍ എഴുതി വച്ച സംഭവം എസ്.എഫ്.ഐയുടെ പേരില്ല. പടക്കം പൊട്ടിച്ച വിഷയത്തില്‍ രണ്ടു പേരാണ് ഉണ്ടായതെന്നാണ് പുഷ്പജ ടീച്ചര്‍ ആദ്യം പറഞ്ഞതെന്നും എന്നാല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ മുഹമ്മദ് അനീസിനെതിരെ സസ്പന്‍ഷന്‍ നടപടി സ്വീകരിച്ചത്. ഈ വിഷയത്തില്‍ കെ.എസ്.യു, എ.ബി.വി.പി. പ്രവര്‍ത്തകരുണ്ടെന്നും അവര്‍ക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്നും വിജിന്‍ ചോദിച്ചു. ജില്ലാ പ്രസിഡന്റ് കെ. വിനോദ് അധ്യക്ഷത വഹിച്ചു.