ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികള്‍ക്ക് എതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ കോളജിലേക്ക് മാര്‍ച്ച് നടത്തിയത്. രാവിലെ 11 മണിയോടെ കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം ആദ്യമെത്തി. കോളജ് ഗേറ്റിനു മുന്നില്‍ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിന് എതിരെ കല്ലെറിഞ്ഞു. പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ന്നു. കോളജിലെ സെക്യൂരിറ്റി കാബിനും വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തു.
പിന്നാലെ എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന വിദ്യാര്‍ത്ഥികള്‍ കോളജിലെ ബോര്‍ഡുകള്‍ അടിച്ചുതകര്‍ത്തു. കോളജിന്റെ ജനല്‍ ചില്ലുകളും ചെടിച്ചട്ടികളും വിദ്യാര്‍ത്ഥികള്‍ തകര്‍ത്തു. അരമണിക്കൂറിലേറെ സംഘര്‍ഷം നീണ്ടുനിന്നു.
യൂണിവേഴ്‌സിറ്റി പരീക്ഷക്കിടെ കോപ്പിയടിച്ചുവെന്ന് പറഞ്ഞ് അധ്യാപകര്‍ പരിഹസിക്കുകയും ശാസിക്കുകയും ചെയ്തതില്‍ മനം നൊന്താണ് ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. കോളജ് മാനേജ്‌മെന്റിന്റെ പീഡനമാണ് ആത്മഹത്യയില്‍ കലാശിച്ചത് എന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പറയുന്നത്. ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കുമെന്നും അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് ചേലക്കര പൊലീസ് കേസ് എടുത്തത്.
എന്നാല്‍, കോപ്പി അടിച്ചു പിടിച്ചതിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷത്തിലാണ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ എന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്.

