അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും പ്രതിഷധ പ്രകടനം സംഘടിപ്പിച്ചു. 


അലഹബാദ്: കുംഭമേള ആഘോഷങ്ങള്‍ക്കായി നഗരമൊരുക്കാന്‍ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ പ്രതിമ നീക്കം ചെയ്ത് ഉത്തര്‍പ്രദേശ് അധികൃതര്‍. വരുന്ന വര്‍ഷം നടക്കാനിരിക്കുന്ന കുംഭമേളയുടെ ഭാഗമായി നഗരം മോടികൂട്ടുന്നതിനായാണ് പ്രതിമ നീക്കം ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം നെഹ്രു പ്രതിമ ഉണ്ടായിരുന്നിടത്ത് സ്ഥിതി ചെയ്യുന്ന ആര്‍എസ്എസ് നേതാവ് ദീന്‍ ദയാല്‍ ഉപാദ്യായയുടെ പ്രതിമ നീക്കം ചെയ്തിട്ടുമില്ല. 

സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയെ അപമാനിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും പ്രതിഷധ പ്രകടനം സംഘടിപ്പിച്ചു. 

പ്രതിമ നീക്കം ചെയ്യാനെത്തിയവരെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യം മുഴക്കി. അതേസമയം റോഡിന് നടുക്കായതിനാലാണ് പ്രതിമ പൊളിച്ചതെന്നും ഇത് തൊട്ടടുത്തുള്ള പാര്‍ക്കില്‍ മാറ്റി സ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.