അയല്‍വാസികളായ നാല് യുവാക്കളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

ആഗ്ര: വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന 14 വയസുകാരിയെ നാല് പേര്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മാധുരയിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ സമീപത്തുള്ള വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

അയല്‍വാസികളായ നാല് യുവാക്കളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി രാത്രി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. അച്ഛന്‍ മാത്രമാണ് വീട്ടില്‍ ഒപ്പമുണ്ടായിരുന്നത്. വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന അച്ഛന്റെ ശ്രദ്ധയില്‍പെടാതെ അകത്ത് കടന്ന പ്രതികള്‍ പെണ്‍കുട്ടിയെ എടുത്ത് കൊണ്ടുപോവുകയായിരുന്നു. പ്രതികളിലൊരാളുടെ വീട്ടിലെത്തിച്ച് ശനിയാഴ്ച പുലര്‍ച്ച വരെ നാല് പേരും മാറിമാറി പീഡിപ്പിച്ചു. പ്രതികളില്‍ മൂന്ന് പേരും പെണ്‍കുട്ടിക്ക് പരിചയമുള്ളവരാണ്. 

പെണ്‍കുട്ടി വീട്ടിനുള്ളില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷിച്ചിറങ്ങിയ അച്ഛന്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ പ്രതികളിലൊരാളുടെ വീടിനുള്ളില്‍ നിന്ന് മകളെ കണ്ടെത്തുകയായിരുന്നു. പരിസരവാസികളായ വിപിന്‍, സുനില്‍, ഹരിഓം എന്നിവരും ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് തന്നെ പീഡിപ്പിച്ചതെന്ന് പൊലീസിന് പെണ്‍കുട്ടി മൊഴി നല്‍കി. നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്.