മസ്‌കറ്റ്: പ്രതിവര്‍ഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുവാന്‍ ലക്ഷ്യമിട്ടു കൊണ്ട് നിര്‍മ്മിച്ച മസ്‌കറ്റിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരീക്ഷണപറക്കലിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇതോടൊപ്പം പൊതു ജനങ്ങളെ ഉള്‍പ്പെടുത്തി കൊണ്ട് വിമാനത്താവളെ ടെര്‍മിനലിന്റെയും, യാത്രക്കാരുടെ സൗകര്യങ്ങളുടെയും പരിശോധനകള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും പരീക്ഷണ പറക്കല്‍ ഡിസംബര്‍ ഇരുപത്തി മൂന്നിന് നടക്കുമെന്നും മന്ത്രി അഹ്മദ് ഫുതൈസി പറഞ്ഞു.

പരീക്ഷണ പറക്കലിന്റെ ഫലവും പൊതു ജങ്ങളില്‍ നിന്നുമുള്ള അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങള്‍ കൂടി വരുത്തിയ ശേഷമാവും പുതിയ വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മസ്‌കറ്റില്‍ നടന്നു വരുന്ന എയര്‍പോര്‍ട്ട് എക്‌സ്‌ചേഞ്ച് ഫോറത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു, മന്ത്രി ഫുതൈസി.നാല്‍പത്തി എട്ടു രാജ്യങ്ങളില്‍ നിന്നും ആയിരത്തിലധികം പ്രതിനിധികള്‍ എയര്‍പോര്‍ട്ട് എക്‌സ്‌ചേഞ്ച് ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട് .

വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം, സേവനം എന്നിവയെ മികച്ച നിലവാരത്തിലേക്ക് നയിക്കുക എന്നതാണ് ഫോറത്തിന്റെ ലക്ഷ്യം. വ്യോമയാന മേഖലയില്‍ ഓമന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുവാന്‍ ഈ എക്‌സ്‌ചേഞ്ച് ഫോറം പ്രയോജനപ്പെടുമെന്നും 2020 ഓടെ ലോകത്തിലെ ഏറ്റവും മികച്ച 20 വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഒമാന്‍ സ്ഥാനം സ്ഥാനം പിടിക്കുമെന്നും മന്ത്രി അഹ്മദ് അല്‍ ഫൂത്തസി അവകാശപ്പെട്ടു.