ദാസ്യപ്പണി: പൊലീസ് ആക്ടിന്‍റെ ലംഘനം, എഡിജിപിക്കെതിരെ അന്വേഷണമുണ്ടാകും

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയിൽ എഡിജിപി സുദേഷ്കുമാറിനെതിരെയുംഅന്വേഷണമുണ്ടാകും. അതേസമയം ഡ്രൈവറെക്കൊണ്ട് വീട്ടുജോലി ചെയ്യിച്ചത് പൊലീസ് ആക്ടിന്‍റെ ലംഘനമാണ്. അതേസമയം എഡിജിപിയുടെ മകളുടെ മർദ്ദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന ഗവാസ്കറിന്‍റെ കഴുത്തിന്‍റെ കശേരുവിന് സാരമായ പരിക്കുണ്ടെന്നുള്ള മെഡിക്കൽ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് ചട്ടം. പക്ഷെ സുധേഷ്കുമാറിന്റെ ഔദ്യോഗിക കാറിലാണ് കനകുന്നിൽ മകളെയും ഭാര്യയെയും പ്രഭാതസവാരിക്കായി പൊലീസ് ഡ്രൈവർ കൊണ്ടുവന്നത്. വണ്ടിക്കുള്ളിൽ വെച്ചാണ് മകൾ ഡ്രൈവറെ അടിച്ചത്. എഡിജിപിയുടെ നിർദ്ദേശപ്രകാരമാണ് മകളെ പ്രഭാതസവാരിക്ക് ഔദ്യോഗിക വാഹനത്തിൽ കൊണ്ടുപോയതെന്നാണ് ഡ്രൈവർ ഗവാസ്ക്കറിന്റെ മൊഴി. 

പൊലീസ് ഡ്രൈവറെ ദാസ്യപ്പണിക്ക് ഉപയോഗിച്ചു, കേരള പൊലീസ് ആക്ടിൻറെ 99 ആം വകുപ്പിൻറെ ലംഘനമാണിത്. ആറ് മാസം വരെ തടവും പിഴയുമാണ് ചട്ടലംഘനത്തിനുള്ള ശിക്ഷ ദാസ്യപ്പണിക്ക് അപ്പുറം ഔദ്യോഗിക കാർ ദുരുപയോഗം ചെയ്തതും വ്യക്തം. അതേസമയം ഡ്രൈവർക്കെതിരെ എഡിജിപിയുടെ മകൾ കൊടുത്ത പരാതിയിൽ ഗവാസ്ക്കർക്കെതിരെ കടുത്ത നടപടിയിലേക്ക് പൊലീസ് കടക്കാനിടയില്ല. 

മകളുടെ പരാതിയിൽ ഗവാസ്ക്കറെ കുടുക്കാനുള്ള എഡിജിപിയുടെ നീക്കം പാളിയത് മുഖ്യമന്ത്രി ഇടപെട്ടതോടെയാണ്. ദാസ്യപ്പണി വിവാദമായതോടെ അനധികൃതമായി വീട്ടിൽ? നിർത്തിയിരുന്ന പല പൊലീസുകാരെയും ഉന്നത ഉദ്യോഗസ്ഥർ തിരിച്ചയച്ച് തുടങ്ങി. വർക്കിങ് അറേഞ്ച്മെന്റെന്ന പേരിൽ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പമുള്ള പൊലീസുകാരെ മാറ്റാൻ മുൻ ഡിജിപി ടിപി സെൻകുമാർ ശ്രമിച്ചെങ്കിലും പൊലീസ് ഓഫീസർമാർ ശക്തമായി എതിർത്തിരുന്നു,