Asianet News MalayalamAsianet News Malayalam

ഇന്ത്യൻ വിനോദ-മാധ്യമരം​ഗത്തെ ഞെട്ടിച്ച് പുതിയ ലൈം​ഗീക ആരോപണങ്ങൾ

സ്നാപ് ചാറ്റിലൂടെയാണ് ഉത്സവ് സമീപിക്കാറുണ്ടായിരുന്നതെന്നാണ് ഏറെപ്പേരുടേയും വെളിപ്പെടുത്തൽ. സ്വന്തം നഗ്നചിത്രങ്ങൾ നൽകിയശേഷം ഇയാൾ സ്ത്രീകളോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടിരുന്നു എന്നാണ് ആരോപണം. തുടർന്ന് ട്വിറ്ററിലൂടെത്തന്നെ ഈ തുറന്നുപറച്ചിലുകളോട്  പ്രതികരിച്ച ഉത്സവ് ചക്രവർത്തി ആരോപണങ്ങൾ നിഷേധിച്ചില്ല. സങ്കീർണ്ണായൊരു സാഹചര്യമാണിത്, ആരെയും കുറ്റപ്പെടുത്തുന്നില്ല. താൻ ഇത്തരം സന്ദേശങ്ങൾ അയച്ച ‘സാഹചര്യം’ പിന്നീട് വ്യക്തമാക്കാം എന്നാണ് ഉത്സവിന്‍റെ പ്രതികരണം.

New controversy over mee too campaign
Author
Mumbai, First Published Oct 5, 2018, 9:02 PM IST

ജീവിതത്തിൽ ഒരിക്കലെങ്കിലും ഏതെങ്കിലും രീതിയിലുള്ള ലൈം​ഗീകചൂഷണത്തിനിരയായതിന്റെ അനുഭവം പങ്കുവയ്ക്കാനുണ്ടാവും പല സ്ത്രീകൾക്കും. നാണക്കേട് ഭയന്നും, അല്ലാതെയുള്ള ഭയം കൊണ്ടും പലതരം സാഹചര്യങ്ങൾ കാരണവും ഇവരാരും ഇതൊന്നും തുറന്നു പറയാറില്ല. എന്നാലിപ്പോൾ ഹോളിവുഡിൽ തുടക്കമിട്ട മീ റ്റൂ ക്യാംപെയ്നിലൂടെ പ്രശസ്തരും അപ്രശസ്തരുമായ പല സ്ത്രീകളും തങ്ങൾ നേരിട്ട ലൈം​ഗീകചൂഷണങ്ങളെക്കുറിച്ച് തുറന്നു പറയുന്നുണ്ട്. പോയവാരം ഇന്ത്യൻ ചലച്ചിത്ര,മാധ്യമ രം​ഗത്തെ ചില സ്ത്രീകൾ നടത്തിയ അത്തരം തുറന്നു പറച്ചിൽ കാരണം പല പ്രമുഖ വ്യക്തികളും വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. 

പ്രമുഖ സ്റ്റാൻ‍ഡ് അപ് കൊമേ‍ഡിയനും യുട്യൂബ് സെലിബ്രിറ്റിയുമായ ഉത്സവ് ചക്രവർത്തി  സാമൂഹ്യമാധ്യമങ്ങളുടെ ചാറ്റ് ആപ്പുകളിലൂടെ നിരവധി സ്ത്രീകൾക്ക് തന്‍റെ സ്വകാര്യഭാഗങ്ങളുടെ നഗ്നചിത്രങ്ങൾ അയച്ചുകൊടുത്തു എന്ന പരാതിയാണ് ഇതിൽ ഒടുവിലത്തേത്. ഓൾ ഇന്ത്യൻ ബ്കചോദ് (AIB) എന്ന യുട്യൂബ് ചാനലിലൂടെ സൈബർ ലോകത്ത് സുപരിചിതനാണ് ഉത്സവ് ചക്രവർത്തി. @Wootsaw എന്ന ട്വിറ്റർ ഹാൻഡിലിൽ പതിനായിരക്കണക്കിന് ഫോളോവർമാരുള്ള കലാകാരനാണ് ഉത്സവ്.

മഹിമ കുക്‍രേജ എന്ന യുവതിയാണ് ഇയാൾക്കെതിരെ ആദ്യം ആരോപണം ഉന്നയിച്ചത്. ലിംഗത്തിന്‍റെ ചിത്രം അയച്ചുകൊടുത്തശേഷം പുറത്താരോടും പറയരുത്, പറഞ്ഞാൽ തന്‍റെ കരിയർ തകർന്നുപോകും എന്ന് ഉത്സവ് ചക്രവർത്തി സന്ദേശമയച്ചതായാണ് മഹിമ ട്വിറ്ററിലൂടെ തുറന്നുപറഞ്ഞത്. മഹിമയുടെ ട്വീറ്റ് വന്ന് ഏതാനം മണിക്കൂറുകൾക്ക് ശേഷം ഉത്സവ് ചക്രവർത്തിയിൽ നിന്ന് തങ്ങൾക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നിരവധി സ്ത്രീകൾ വെളിപ്പെടുത്തി.  പേര് വെളിപ്പെടുത്താനാകില്ല എന്നുപറഞ്ഞ് ആരോപണം ആവർത്തിച്ചവരുടെ സന്ദേശങ്ങളും മഹിമ കുക്‍രേജ തന്നെയാണ് ട്വിറ്ററിൽ ഷെയർ ചെയ്തത്. ഇവരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമുണ്ടെന്ന് മഹിമ പറയുന്നു.

സ്നാപ് ചാറ്റിലൂടെയാണ് ഉത്സവ് സമീപിക്കാറുണ്ടായിരുന്നതെന്നാണ് ഏറെപ്പേരുടേയും വെളിപ്പെടുത്തൽ. സ്വന്തം നഗ്നചിത്രങ്ങൾ നൽകിയശേഷം ഇയാൾ സ്ത്രീകളോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടിരുന്നു എന്നാണ് ആരോപണം. തുടർന്ന് ട്വിറ്ററിലൂടെത്തന്നെ ഈ തുറന്നുപറച്ചിലുകളോട്  പ്രതികരിച്ച ഉത്സവ് ചക്രവർത്തി ആരോപണങ്ങൾ നിഷേധിച്ചില്ല. സങ്കീർണ്ണായൊരു സാഹചര്യമാണിത്, ആരെയും കുറ്റപ്പെടുത്തുന്നില്ല. താൻ ഇത്തരം സന്ദേശങ്ങൾ അയച്ച ‘സാഹചര്യം’ പിന്നീട് വ്യക്തമാക്കാം എന്നാണ് ഉത്സവിന്‍റെ പ്രതികരണം.

വെളിപ്പെടുത്തലുകൾ വന്നതിന് പിന്നാലെ AIB അവരുടെ യുട്യൂബ് ചാനലിൽ നിന്ന് ഉത്സവ് ചക്രവർത്തിയുടെ എല്ലാ വീഡിയോകളും പിൻവലിച്ചു.  അംഗീകരിക്കാനാകാത്ത പെരുമാറ്റമാണ് ഉത്സവിന്‍റേതെന്നും നിരപരാധിയാണെന്ന് തെളിയുംവരെ അദ്ദേഹവുമായി ഗ്രൂപ്പ് സഹകരിക്കില്ലെന്നും  AIB പ്രസ്താവനയിലൂടെ അറിയിച്ചു.

ഇതിന് തൊട്ടുപിന്നാലെയാണ് സന്ധ്യാ മേനോൻ എന്ന മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തലും ട്വിറ്ററിലൂടെ എത്തിയത്. ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രത്തിന്‍റെ ഹൈദരാബാദിലെ മുതിർന്ന മാധ്യമപ്രവർത്തകനായ കെആർ ശ്രീനിവാസ് തന്നോട് അപമര്യാദയായി പെരുമാറി എന്നാണ് സന്ധ്യയുടെ തുറന്നുപറച്ചിൽ. കാറിൽ ലിഫ്റ്റ് നൽകിയതിന് ശേഷം ശ്രീനിവാസ് തന്നെ കയറിപ്പിടിച്ചെന്നാണ് സന്ധ്യ ട്വിറ്ററിൽ കുറിച്ചത്. ലൈംഗികാതിക്രമങ്ങൾക്കെതിരായ പരാതികൾ നൽകാനുള്ള സ്ഥാപനത്തിലെ കമ്മിറ്റിക്ക് പരാതി കൊടുത്തെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ‘ശ്രീനിയെ വർഷങ്ങളായി തനിക്കറിയാമെന്നും അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല’ എന്നുമായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷ ചുമതല വഹിച്ചിരുന്ന സ്ത്രീയുടെ പ്രതികരണമെന്നും സന്ധ്യ എഴുതുന്നു.

സന്ധ്യ മേനോന്‍റെ വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ ബാംഗ്ലൂർ മിറർ പത്രത്തിൽ ജോലി ചെയ്തിരുന്ന ഒരു മാധ്യമപ്രവർത്തകയും കെആർ ശ്രീനിവാസിനെതിരായ സമാന ആരോപണവുമായി എത്തി. ഇന്‍റേൺഷിപ്പിന് എത്തിയ പെൺകുട്ടിയെ ക്യാബിനിലേക്ക് വിളിച്ചുവരുത്തി ശ്രീനിവാസ് അപമര്യാദയായി പെരുമാറി എന്നാണ് പേര് വെളിപ്പെടുത്താത്ത ഈ സ്ത്രീയും വെളിപ്പെടുത്തിയത്. സന്ധ്യ മേനോൻ തന്നെയാണ് ഈ വെളിപ്പെടുത്തലിന്‍റെ സ്ക്രീൻ ഷോട്ടും പുറത്തുവിട്ടത്.

പത്തുവർഷം  മുമ്പ് ഹോൺ ഒകെ പ്ലീസ് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് പ്രമുഖ താരം നാനാ പടേക്കർ മോശമായി പെരുമാറിയെന്ന് മുൻ മിസ് ഇന്ത്യ തനുശ്രീ ദത്ത അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പ്  ഹോളിവുഡ് നിർമ്മാതാവായ ഹാർവി വിൻസ്റ്റൈനെതിരെ നിരവധി താരങ്ങൾ ലൈംഗികാരോപണ വെളിപ്പെടുത്തലുകളുമായി എത്തിയിരുന്നു. ലോകമെങ്ങുമുള്ള സിനിമാ വ്യവസായങ്ങളിൽ ആ ‘Mee too’ കാമ്പെയ്ൻ വലിയ ഭൂകമ്പങ്ങളുണ്ടാക്കി.  ഇന്ത്യൻ സിനിമയിലും മലയാള സിനിമയിലും മലയാളം സോഷ്യൽ മീഡിയയിലും mee too വലിയ അലയൊലികൾ ഉണ്ടാക്കിയിരുന്നു. മാസങ്ങൾക്ക് ശേഷം യുട്യൂബ് അടക്കമുള്ള ബദൽ മാധ്യമ വ്യവസായത്തിലും പരമ്പരാഗത മാധ്യമരംഗത്തും പുതിയൊരു me too കാമ്പെയ്ന് മഹിമയുടേയും  സന്ധ്യയുടേയും വെളിപ്പെടുത്തലുകൾ തുടക്കമിടുമോ എന്ന് കാത്തിരുന്നു കാണാം.

 

Follow Us:
Download App:
  • android
  • ios