തല ചായ്‌ക്കാന്‍ സ്വന്തമായി ഒരു വീട് ജിഷയുടെയും അമ്മ രാജേശ്വരിയുടെയും സ്വപ്നമായിരുന്നു. മുടക്കുഴ തൃക്കേപ്പാറ മലയംകുളത്ത് അഞ്ച് സെന്റ് സ്ഥലം വാങ്ങി വീട് പണിയാന്‍ അടിത്തറയും കെട്ടിയിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെയും പട്ടികജാതി വകുപ്പിന്റെയും സഹായത്തോടെയായിരുന്നു നിര്‍മ്മാണം. പ്രധാനപണികള്‍ മാത്രം തൊഴിലാളികളെ വെച്ച് ചെയ്യിക്കുകയും ബാക്കിയുളള പണികള്‍ ജിഷയും അമ്മയും ചേര്‍ന്നുമായിരുന്നു ചെയ്തിരുന്നതെന്ന് അയല്‍വാസികള്‍ ഇപ്പോഴും ഓര്‍ക്കുന്നു. എന്നാല്‍ വീട് പണി പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജിഷ കൊല്ലപ്പെടുന്നത്. ഇതോടെ പണിയും മുടങ്ങി.

ജിഷയുടെ മരണത്തോടെ അനാഥയായ അമ്മയ്‌ക്ക് ജില്ലാ കളക്ടര്‍ എംജി രാജമാണിക്യം ഇടപെട്ട് വീട് നിര്‍മ്മിച്ച് നല്‍കാന്‍ നടപടിയെടുക്കുകയായിരുന്നു. ഇതിനായി തുടങ്ങിയ അക്കൗണ്ടിലേക്ക് പതിനൊന്ന് ലക്ഷത്തോളം രൂപാ സുമനസ്സുകള്‍ നല്‍കി. ഈ തുക ഉപയോഗിച്ച് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലാണ് വീട് നിര്‍മ്മാണം നടക്കുന്നത്. രണ്ട് മുറിയും അടുക്കളയും ഉള്‍പ്പെടെ 620 ചതുരശ്ര അടിയിലാണ് വീട് പണിയുന്നത്. ഒന്നരമാസം കൊണ്ട് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.