ഖത്തറില്‍ വിദേശികളുടെ പോക്കുവരവുകള്‍ സംബന്ധിച്ച പുതിയ കുടിയേറ്റ നിയമം ഈ വര്‍ഷം ഒക്ടോബറില്‍ നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്. ഭേദഗതികളോടെയുള്ള നിയമത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങളും മന്ത്രാലയം പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27നു ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കിയ ഭേദഗതികളോടെയുള്ള തൊഴില്‍ നിയമം ഡിസംബര്‍ 13 നാണ് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. ഇതിനു ശേഷം ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതുപ്രകാരം ഈ വര്‍ഷം ഡിസംബര്‍ 14 മുതലാണ് നിയമം പ്രാബല്യത്തില്‍ വരേണ്ടത്. എന്നാല്‍ ഒരു പ്രാദേശിക അറബ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം രണ്ടുമാസം നേരത്തെ ഒക്ടോബറില്‍ തന്നെ നിയമം നടപ്പിലാവും.
ജോലി മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്നവര്‍ക്ക് നിലവിലുള്ള രണ്ടു വര്‍ഷത്തെ വിലക്ക് പുതിയ നിയമത്തില്‍ എടുത്തു കളഞ്ഞിട്ടുണ്ട്. അതേസമയം നിലവില്‍ വിസ റദ്ദു ചെയ്തു നാട്ടിലേക്ക് മടങ്ങിയവര്‍ക്ക് രണ്ടു വര്‍ഷം കഴിയാതെ തിരിച്ചു വരാന്‍ കഴിയില്ല. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം ഒപ്പുവെക്കുന്ന തൊഴില്‍ കരാറുകള്‍ക്ക് മാത്രമേ ഈ നിയമം ബാധകമാവൂ. എന്നാല്‍ ഏതെങ്കിലും കേസില്‍ അകപ്പെട്ട് കോടതി വിധിയിലൂടെ നാട് കടത്തപ്പെടുന്നവര്‍ക്ക് ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതിയില്ലാതെ രാജ്യത്തേക്ക് തിരിച്ചുവരാന്‍ കഴിയില്ല. പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നാല്‍ തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാക്കുന്ന കരാറിന്റെ കാലാവധി പ്രകാരമായിരിക്കും സ്‌പോണ്‍സര്‍ഷിപ് മാറ്റം അനുവദിക്കുക. രണ്ടു വര്‍ഷത്തെ കരാര്‍ ആണെങ്കില്‍ അതുപൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയ ശേഷം അടുത്ത ദിവസം തന്നെ തിരിച്ചു വരാന്‍ അനുമതി ലഭിക്കും.
കരാര്‍ കാലാവധിക്കു മുമ്പ് തൊഴില്‍ മാറണമെങ്കില്‍ തൊഴിലുടമയുടെയും ബന്ധപ്പെട്ട സര്‍ക്കാര്‍ മന്ത്രാലയത്തിന്റെയും അനുമതി ആവശ്യമായി വരും. ആഭ്യന്തര മന്ത്രാലയമായിരിക്കും.തൊഴിലാളികള്‍ക്ക് രാജ്യം വിട്ടുപോകുന്നതിനുള്ള എക്‌സിറ്റ് പെര്‍മിറ്റ് അനുവദിക്കുക.
