പുതിയ കെപിസിസി പ്രസിഡന്റിനെ ഈയാഴ്ച പ്രഖ്യാപിക്കാൻ സാധ്യത
ദില്ലി: രാജ്യസഭാ സീറ്റിനെ ചൊല്ലി സംസ്ഥാന ഘടകത്തിൽ വലിയ പൊട്ടിത്തെറിയുണ്ടായ സാഹചര്യത്തിൽ പിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിന് മുന്പ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെ അഭിപ്രായം എഐസിസി തേടാൻ സാധ്യതയുണ്ട്. സംഘടനാ സ്ഥിതിയെക്കുറിച്ച് ഡിസിസി പ്രസിഡന്‍റുമാരിൽ നിന്നും അഭിപ്രായം കേള്‍ക്കും.
മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചാകും അന്തിമതീരുമാനം. നിയമന വിഷയത്തിൽ ഇടപെടില്ലെന്നാണ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി നേതാക്കളോട് വ്യക്തമാക്കിയിരിക്കുന്നത്. സംഘടനയെ താഴെത്തട്ട് മുതൽ ചലിപ്പിക്കാൻ കഴിയുന്നയാളെ പ്രസിഡന്റാക്കണമെന്നാണ് സംസ്ഥാന നേതാക്കളിൽ ചിലര്‍ ഹൈക്കമാന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുള്‍ വാസ്നിക്ക് സംഘടനാ സ്ഥിതിയെക്കുറിച്ചുളള റിപ്പോര്‍ട്ട് ഉടൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കൈമാറും. പിസിസി അധ്യക്ഷ പദവിയിലേയ്ക്ക് സംസ്ഥാന നേതാക്കള്‍ നിര്‍ദേശിച്ച പേരുകളും ഉണ്ടാകും.
ഗ്രൂപ്പ് നേതാക്കള്‍ യോജിപ്പോടെ പറഞ്ഞ പേരുകള്‍ക്കെതിരെ ഗ്രൂപ്പുകള്‍ക്കുള്ളിൽ തന്നെ എതിര്‍പ്പുണ്ട്. പ്രവര്‍ത്തക സമിതിയെ നിശ്ചയിക്കാൻ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം രാഹുൽ ഗാന്ധിയെ ചുമതലപ്പെടുത്തിയിട്ട് നാലു മാസമായി.എകെ ആന്‍റണി നിലവിൽ പ്രവര്‍ത്തക സമിതി അംഗമാണ്. എഐസിസി ജനറൽ സെക്രട്ടറിയായ ഉമ്മൻ ചാണ്ടിയെ പാര്‍ട്ടിയുടെ ഉന്നത സമിതിയിൽ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്‍റെ അനുയായികൾ .
