വിഭജനാനന്തരം ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് വന്നവരാണ് അല്‍വിയുടെ മുന്‍ഗാമികള്‍. ആഗ്രയിലായിരുന്നു ഡോ.ആരിഫ് അല്‍വിയുടെ കുടുംബം പണ്ട് ജീവിച്ചിരുന്നത്. 

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍റെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ആരിഫ് അല്‍വിയ്ക്ക് രസകരമായ ഒരു ഇന്ത്യന്‍ ബന്ധമുണ്ട്. അദ്ദേഹത്തിന്‍റെ പിതാവ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ദന്തഡോക്ടറായിരുന്നു. 

വിഭജനാനന്തരം ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് വന്നവരാണ് അല്‍വിയുടെ മുന്‍ഗാമികള്‍. അവിഭക്ത ഇന്ത്യയില്‍ ആഗ്രയിലായിരുന്നു ഡോ.ആരിഫ് അല്‍വിയുടെ കുടുംബ സ്ഥലം. വിഭജനത്തോടെ അവര്‍ പാക്കിസ്ഥാനിലേക്ക് വന്നു. 

അല്‍വിയുടെ പിതാവ് ഡോ.ഹബീബ് റഹ്മാന്‍ ഇലാഹി നെഹ്റുവിന്‍റെ ദന്തഡോക്ടറായിരുന്നുവെന്ന വിവരം അദ്ദേഹത്തിന്‍റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട്. അല്‍വിയുടെ കുടുംബം പാക്കിസ്ഥാനില്‍ വന്ന ശേഷവും നെഹ്റു ഇവരുമായി കത്തിടപാടുകള്‍ നടത്തിയിരുന്നതായും ആ കത്തുകളൊക്കെ കുടുംബം ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും പിടിഐയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച അല്‍വിയുടെ ജീവചരിത്രക്കുറിപ്പില്‍ പറയുന്നുണ്ട്.

പാര്‍ട്ടിയുടെ സ്ഥാപക നേതാവായിരുന്നു ആരിഫ് അല്‍വി. നിലവില്‍ പാര്‍ട്ടി അധ്യക്ഷനും പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍റെ അടുത്ത അനുയായിട്ടാണ് അല്‍വി അറിയപ്പെടുന്നത്. പാക്കിസ്ഥാന്‍ സ്ഥാപിക്കപ്പെട്ട അതേവര്‍ഷം കറാച്ചിയിലാണ് ഡോ. ആരിഫ് അല്‍വി ജനിക്കുന്നത്. പിതാവിന്‍റെ പാത പിന്തുടര്‍ന്ന അദ്ദേഹം പിന്നീട് ദന്തഡോക്ടറായി.