റിയാദ്: സൗദിയിലേക്ക് വിദേശ തൊഴിലാളികളെ കൊണ്ട് വരുന്നതിനു മുന്‍പ് യോഗ്യരായ സ്വദേശികളുണ്ടോ എന്ന് അന്വേഷിക്കണമെന്ന് തൊഴില്‍ മന്ത്രാലയം. ഇതിനായി തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പരസ്യം ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി. സൗദിയിലേക്ക് വിദേശ തൊഴിലാളികളെ കൊണ്ട് വരുന്നതിനു വിസക്കു അപേക്ഷിക്കുന്നതിനു മുന്‍പ് ആ ജോലിക്കു യോഗ്യരായ സ്വദേശികളുണ്ടോ എന്നു പരിശോധിക്കണമെന്നാണ് സൗദി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.

മന്ത്രാലയത്തിന്റെ വെബ് സൈറ്റ് വഴിയാണ് ഇത്തരത്തില്‍ യോഗ്യരായ സ്വദേശികളുണ്ടോ എന്ന് അന്വേഷിക്കേണ്ടത്. 14 മുതല്‍ 45 ദിവസം വരേയാണ് വെബ് സൈറ്റില്‍ ഇതിനായി പരസ്യം ചെയ്യേണ്ടതെന്ന് തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം വക്താവ് ഖാലിദ് അബാഖൈല്‍ പറഞ്ഞു. കൂടുതല്‍ ദിവസം പരസ്യം ചെയ്യുന്നതിലൂടെ യോഗ്യരായ സ്വദേശികളെ കണ്ടെത്താന്‍ തൊഴിലുടമകള്‍ക്കു കഴിയുമെന്ന് അബാഖൈല്‍ അഭിപ്രായപ്പെട്ടു.

ഇതിലൂടെ വിദേശികളെ കൊണ്ടുവരുന്നത് ഉഴിവാക്കാനും സാധിക്കും. സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ കുടി വരുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 11.5 ശതമാനമായിരുന്ന തൊഴിലില്ലായ്മ 12 ശതമാനത്തിലേറെയായി ഉയര്‍ന്നിരുന്നു. ഈസാഹചര്യത്തിലാണ് സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനു വിപുലമായ പദ്ദതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.