കൊച്ചി: നഗരത്തില്‍ പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള ഡി.ജെ പാര്‍ട്ടികള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ എക്സൈസും പൊലീസും. പുലര്‍ച്ചവരെ നീളുന്ന പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗത്തിനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം. ഇതിനിടെ നിയന്ത്രണം മറികടക്കാന്‍ ഡി.ജെ പാര്‍ട്ടികള്‍ മൂന്നാറിലേക്കും വാഗമണ്ണിലേക്കും മാറ്റുന്നതായി പൊലീസ് കണ്ടെത്തി.

വന്‍കിട ഹോട്ടലുകളിലും ഉല്ലാസ നൗകകളിലുമാണ് സാധാരണയായി പാര്‍ട്ടികള്‍ നടക്കുന്നത്. ആലുവയിലും പരിസരത്തുമായി ഹെറോയിന്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ എക്സൈസ് പിടികൂടിയിരുന്നു. ആഘോഷ പരിപാടികള്‍ക്കായാണ് ഇവ എത്തിക്കുന്നതെന്നാണ് പിടിയിലായവരുടെ മൊഴി. ഈ പശ്ചാതതലത്തിലാണ് പരിശോധന കര്‍ശനമാക്കുന്നത്.

പരിശോധനയക്കായി ഫോര്‍ട്ട് കൊച്ചിയില്‍ എക്സൈസ് പ്രത്യേക കണ്‍ട്രോള്‍ റൂം തുറക്കും. രഹസ്യ പാര്‍ട്ടികളുടെ കണക്കുകള്‍ ഷാഡോ സംഘം ശേഖരിക്കുന്നുണ്ട്. പുതുവത്സരാഘോഷത്തിന് മാത്രമായി ഇരുപതോളം താല്‍ക്കാലിക മദ്യ ലൈസന്‍സിനുള്ള അപേക്ഷ ഇതിനകം കൊച്ചിയില്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.