ഭുവനേശ്വര്‍: വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും കൊല്ലപ്പെട്ടു. ഒഡീഷയിലെ ബോലങ്ങീറില്‍ വെള്ളിയാഴ്ചയാണ് സംഭവം അരങ്ങേറിയത്. അഞ്ച് ദിവസം മുന്‍പാണ് വിവാഹം നടന്നത്. ഈ കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് വിവാഹ സല്‍ക്കാരം നടന്നത്. ഈ സമയത്ത് ലഭിച്ച ഒരു സമ്മാനപൊതിയാണ് പൊട്ടിത്തെറിച്ചത് എന്നാണ് ദൃസാക്ഷികള്‍ പറയുന്നു.
വിവാഹ സല്‍ക്കാരത്തിന് ശേഷം വരനും, മുത്തശ്ശിയും ചേര്‍ന്ന് ലഭിച്ച സമ്മാനങ്ങള്‍ പരിശോധിക്കുകയാണ്. വരന്‍റെ മുത്തശ്ശി സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടപ്പോള്‍, ഗുരുതരമായ പരിക്കുകളോടെ വരനെ റൂര്‍ക്കലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. ഈ സമ്മാനം നല്‍കിയത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.
വരനോട് ശത്രുതയുള്ളവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് വരന്‍റെ വീട്ടുകാര്‍ പ്രദേശിക മാധ്യമത്തോട് പ്രതികരിച്ചത്.
