സമ്മർദ്ദത്തിൽ സർക്കാർ മുഖ്യമന്ത്രിയും വെട്ടിൽ മാധ്യമ അധിക്ഷേപം തിരിച്ചടിച്ചു

തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്ന കെവിന്‍റെ ദുരഭിമാനക്കൊല സര്‍ക്കാരിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി. തന്‍റെ സുരക്ഷയിലുള്ള ഉദ്യോഗസ്ഥർ ആരെന്ന് പോലും നോക്കാതെ മാധ്യമങ്ങളെ അധിക്ഷേപിക്കാൻ ശ്രമിച്ച് മുഖ്യമന്ത്രിയും വെട്ടിലായി.-

നിർണ്ണായകമായ ഉപതെരഞ്ഞെടുപ്പ് ദിവസം, ക്രമസമാധാനത്തിൽ കേരളം മികച്ചതാണെന്ന് കാണിച്ച് ദേശീയ മാധ്യമങ്ങളിൽ സർക്കാർ നേട്ടത്തിൻറെ പരസ്യം വന്ന നാൾ. കേരളത്തിന് തന്നെ നാണക്കേടായി ദുരഭിമാനക്കൊല. പിണറായി-ബെഹ്റ ടീമിന് ഒരിക്കൽ കൂടി പിഴച്ചു. അച്ചടക്ക നടപടിയെടുത്ത് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രി വിശദീകരിച്ചും കുടുങ്ങി. 

കെവിനെ കാണാനില്ലെന്ന പരാതി മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ട കാര്യം പറഞ്ഞ് ഗാന്ധിനഗർ എസ്ഐ തള്ളിയെന്ന് പരാതിപ്പെട്ടത് ഭാര്യ നീനു. ആരാണ് പരാതിപ്പെട്ടതെന്ന് പോലും നോക്കാതെ, വസ്തുത പരിശോധിക്കാതെ മാധ്യമങ്ങളെ അധിക്ഷേപിച്ച് മുഖ്യമന്ത്രി.

സുരക്ഷസംഘത്തിൽ ഗാന്ധിനഗർ എസ്ഐയുണ്ടെന്ന വിവരം പുറത്തുവന്നതോടെ മുഖ്യമന്ത്രി കൂടുതൽ പ്രതിരോധത്തിൽ. പൊലീസ് വീഴ്ച ചെങ്ങന്നൂരിൽ തുടക്കം മുതൽ പ്രചാരണമാക്കിയ പ്രതിപക്ഷത്തിന് ഒടുവിൽ കിട്ടിയത് മികച്ച ആയുധം. പോളിംഗ് നാളിലേറ്റ തിരിച്ചടി ഫലത്തെ തന്നെ സ്വാധീനിക്കുമോ എന്ന ആശങ്കയുണ്ട് എൽഡിഎഫിന്.