ഇരുപതുകാരിയായ നവവധു ആത്മഹത്യ ചെയ്തു

മുംബൈ: പതിനാലാം നിലയില്‍നിന്ന് ചാടി ഇരുപതുകാരിയായ നവവധു ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയാണ് ടാര്‍ഡോയിലെ കെട്ടിടത്തില്‍നിന്ന് യുവതി താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഛായ കൈലേഷ് ഭൂട്ടിയ എന്ന യുവതിയാണ് ജീവനൊടുക്കിയത്. സംഭവം അറിഞ്ഞ് ഓടിക്കൂടിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് ഛായ മരിക്കുകയായിരുന്നു. 

ചേരി പുന്‍നിര്‍മ്മിച്ച് തയ്യാറാക്കിയ കെട്ടിടത്തില്‍ നിന്നാണ് യുവതി ആത്മഹത്യ ചെയ്തത്. 45 ദിവസം മുമ്പാണ് ഛായയുടെ വിവാഹം നടന്നത്. പുലര്‍ച്ചെ മൂന്ന് മണിക്ക് ശൗചാലയത്തില്‍ കയറിയ ഛായ മണിക്കൂറുകളോളമായിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കളിലൊരാള്‍ വാതില്‍ തളളി തുറന്നു. അപ്പോഴേക്കും ശുചിമുറിയുടെ ജനല്‍ ഗ്ലാസുകള്‍ ഇളക്കി മാറ്റിയ ഛായ അതിന് മുകളില്‍ കയറി നില്‍ക്കുകയായിരുന്നു. തൊട്ടടുത്ത് നിര്‍മ്മാണത്തിനായി എത്തിച്ച മുളയിലൂടെ തൂങ്ങി ഇറങ്ങിയ ഛായ 14ആം നിലയിലെത്തുകയായിരുന്നു. 

ഉടന്‍ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി ഛായയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതിന് മുമ്പ് ഛായ താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം അറിയില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.