ലോകകപ്പ് ഫെെനല്‍ കളിച്ചിട്ടും മെസിക്ക് നോക്കൗട്ടില്‍ ഗോളുകളില്ല

മോസ്കോ: ഫുട്ബോളിലെ എല്ലാ കാലത്തെയും മികച്ച താരമാരാണെന്ന് തെളിയിക്കാനുള്ള പോരാട്ടത്തിലാണ് ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇവര്‍ക്കൊപ്പമെത്താന്‍ ആയിട്ടില്ലെങ്കിലും തന്‍റെ ചെറുപ്രായത്തില്‍ തന്നെ മികച്ച താരമായി മാറാന്‍ ബ്രസീലിന്‍റെ നെയ്മര്‍ക്കും സാധിച്ചിട്ടുണ്ട്. പക്ഷേ, ലോകകപ്പിലെ ഒരു നേട്ടത്തോടെ മെസിയെയും റൊണാള്‍ഡോയെയും പിന്നിലാക്കിയിരിക്കുകയാണ് കാനറികളുടെ സൂപ്പര്‍ താരം. ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തില്‍ ഗോള്‍ നേടാന്‍ മെസിക്കും റൊണാള്‍ഡോയ്ക്കും ഇതുവരെ സാധിച്ചിട്ടില്ല.

എന്നാല്‍, റഷ്യന്‍ ലോകകപ്പിന്‍റെ പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയ്ക്കെതിരെ വലകുലുക്കി ആദ്യ നോക്കൗട്ട് ഗോള്‍ നെയ്മര്‍ സ്വന്തമാക്കി. ബ്രസീലില്‍ നടന്ന കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്‍റീനയെ ഫെെനല്‍ വരെയെത്തിക്കുകയും മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത മെസിക്ക് നോക്കൗട്ടില്‍ ഗോള്‍ നേടാനായിട്ടില്ലെന്നുള്ളതാണ് സത്യം. നാലു ലോകകപ്പില്‍ കളിച്ചിട്ടും ഇതിഹാസങ്ങളായി വാഴ്ത്തപ്പെടുന്ന താരങ്ങള്‍ക്ക് സാധിക്കാത്തത് നെയ്മര്‍ക്ക് തന്‍റെ രണ്ടാം ലോകകപ്പില്‍ തന്നെ സാധിച്ചു.