നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറിക്കാണ് അന്വേഷണ ചുമതല
നിലയ്ക്കല്: നിലയ്ക്കല് ഭദ്രാസനത്തിലെ ലൈംഗിക ചൂഷണ ആരോപണത്തില് അന്വേഷണ കമ്മീഷനെ ഇന്ന് നിയമിക്കുമെന്ന് ഭദ്രാസനം മെത്രാപ്പൊലിത്ത. ലൈംഗിക ചൂഷണത്തിന്റെ പേരില് കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭാ നിലക്കല് ഭദ്രാസനത്തിലെ വൈദികനെ സസ്പെന്റ് ചെയ്യതിരുന്നു. ഭദ്രസനത്തിന്റെ തണ്ണിത്തോടുള്ള ആശ്രമത്തിലെ വൈദികനാണ് ആരോപണ വിധേയൻ.
നിലയ്ക്കല് ഭദ്രാസനം സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. കമ്മിഷനിലെ അംഗങ്ങളെ നാളെ തിരുമാനിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നല്കാനാണ് ഭദ്രാസനം മെത്രാപ്പൊലിത്തയുടെ നിർദ്ദേശം. പരാതി നല്കിയ വ്യക്തി നാട്ടില് ഇല്ലാത്തതിനാല് ചൂഷണത്തിന് വിധേയായ യുവതി, അവരുടെ ബന്ധുക്കള് എന്നിവരില് നിന്നും വിവരങ്ങള് ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തില് മറ്റ് നടപടികളിലേക്ക് നീങ്ങിയാല് മതിയെന്ന് കഴിഞ്ഞ ദിവസം ചേർന്ന സഭ കൗൺസില് യോഗത്തില് തീരുമാനിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ആവശ്യപ്പെട്ടാല് സഹകരിക്കാൻ തയ്യാറാണന്ന് സഭാനേതൃത്വം പറയുന്നു. അതേസമയം ആരും പരാതി നല്കാത്ത സാഹചര്യത്തില് കേസ്സെടുക്കാൻ കഴിയില്ല എന്ന നിലപാടിലാണ് പൊലീസ്.
