8.0യോ അതിലധികമോ തീവ്രതയുള്ള ഭൂകമ്പമുണ്ടാകാനുള്ള സാധ്യത സാധാരണ സമയത്തേക്കാൾ കൂടുതലാണെന്ന് അധികൃതർ
ടോക്കിയോ:അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ വലിയൊരു ഭൂകമ്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ജപ്പാൻ. വടക്കുകിഴക്കൻ തീരത്തുണ്ടായ 7.7 തീവ്രതയുള്ള ഭൂകമ്പത്തിന് പിന്നാലെയാണ് തുടർ ചലന മുന്നറിയിപ്പ് നൽകിയത്. 3 മീറ്റർ ഏകദേശം പത്ത് അടി ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടായേക്കാമെന്നും തീരദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനും മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. ടോക്കിയോയിൽ നിന്ന് 530 കിലോമീറ്റർ വടക്ക് മാറി ഇവാട്ടെ പ്രവിശ്യയുടെ തീരക്കടലിലുണ്ടായ ഭൂകമ്പത്തെത്തുടർന്ന് ആയിരക്കണക്കിന് ആളുകളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഏറ്റവും വലിയ സുനാമി തിരമാലകൾ 80 സെന്റിമീറ്റർ ഉയരത്തിലാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തിന് മണിക്കൂറുകൾക്ക് ശേഷം നൽകിയ സുനാമി മുന്നറിയിപ്പുകൾ പിൻവലിച്ചു.
8.0 അതിലധികമോ തീവ്രതയുള്ള ഭൂകമ്പമുണ്ടാകാനുള്ള സാധ്യത സാധാരണ സമയത്തേക്കാൾ കൂടുതലാണെന്ന് അധികൃതർ വ്യക്തമാക്കുന്നത്.കടലിനടിയിൽ 10 കിലോമീറ്റർ ആഴത്തിലുണ്ടായ ഈ ഭൂകമ്പത്തിന് പിന്നാലെ ഹോൺഷു ദ്വീപിലും വടക്കൻ മേഖലയായ ഹൊക്കൈഡോയിലും വലിയ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ടോക്കിയോയിൽ വരെ ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. പ്രാദേശിക സമയം വൈകുന്നേരം 4:52-ന് ഉണ്ടായ ഭൂകമ്പത്തിന് ശേഷവും ഹൊക്കൈഡോയിൽ സുനാമി ജാഗ്രത നൽകിയിരുന്നു.
ഭൂകമ്പത്തെത്തുടർന്ന് ബുള്ളറ്റ് ട്രെയിൻ സർവീസുകളെ ബാധിക്കുകയും നൂറോളം വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തു. എങ്കിലും വലിയ നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ക്യാബിനറ്റ് സെക്രട്ടറി മിനോരു കിഹാര വിശദമാക്കിയത്. സുനാമി മുന്നറിയിപ്പിനെത്തുടർന്ന് ഏകദേശം 170000ത്തിലധികം ആളുകളോട് ഒഴിഞ്ഞുപോകാന് നിർദ്ദേശിച്ചിരുന്നു. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് പ്രധാനമന്ത്രി സനേ തകൈച്ചിയും അഭ്യർത്ഥിച്ചു.ലോകത്തിലെ പത്ത് ശതമാനത്തോളം ശക്തമായ ഭൂകമ്പങ്ങൾ നടക്കുന്നത് ജപ്പാനിലാണ്. 2011 മാർച്ചിലുണ്ടായ 9.0 തീവ്രതയിലുള്ള ഭൂകമ്പമാണ് ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തം. ഇതിനെത്തുടർന്നുണ്ടായ ഫുകുഷിമ ആണവ ദുരന്തത്തിന് ശേഷം സുരക്ഷാ മുൻകരുതലുകളുടെയും മുന്നറിയിപ്പുകളുടെയും കാര്യത്തിൽ സർക്കാർ അതീവ ജാഗ്രത പുലർത്തുന്നുണ്ട്.


