എന്നാല്‍ ആശങ്കയുടെ ആവശ്യമില്ലെന്നും മൂന്നു പേരിലും ഇതുവരെ നിപ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഡി.എം.ഒ ഉറപ്പു നല്‍കി
കൊച്ചി: കൊച്ചിയില് നിപ വൈറസ് ബാധയെന്ന് സംശയിക്കുന്ന മൂന്നു പാരാമെഡിക്കല് വിദ്യാര്ത്ഥികള് നിരീക്ഷണത്തില്. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ നെട്ടൂരില് താമസിക്കുന്ന വിദ്യാര്ത്ഥികള് പനിയെ തുടര്ന്നാണ് ജില്ലാ ആശുപത്രിയില് അഡ്മിറ്റ് ആയത്. ഇരുവരെയും നിരീക്ഷണത്തിനായി പ്രത്യേക മുറിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര് അറിയിച്ചു. കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില് പാരാമെഡിക്കല് കോഴ്സിന് പഠിക്കുന്ന ചേര്ത്തല സ്വദേശിയായ വിദ്യാര്ത്ഥി പനിയെത്തുടര്ന്നാണ് എറണാകുളം മെഡിക്കല് കോളേജില് അഡ്മിറ്റ് ആയത്.
എന്നാല് ആശങ്കയുടെ ആവശ്യമില്ലെന്നും മൂന്നു പേരിലും ഇതുവരെ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഡി.എം.ഒ അറിയിച്ചു. വൈറൽ പനിയുമായി ചികിത്സ തേടി എത്തുന്നവർക്ക് നിപ ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല് ഇതുവരെ രണ്ട് ഡങ്കിപ്പനി മരണങ്ങള് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇത് നിലവില് നിയന്ത്രണവിധേയമാണെന്നും ഡി.എം.ഒ അറിയിച്ചു. ഇതിനിടെ മെയ് 19നു നിപ രോഗ ലക്ഷണങ്ങളുമായി പ്രവേശിപ്പിച്ച യുവതിക്ക് വൈറസ് ബാധയില്ലെന്ന് അമൃത ആശുപത്രി സ്ഥിരീകരിച്ചു. നിപ മൂലം മരണമടഞ്ഞ രണ്ടു ബന്ധുക്കളെ യുവതി സന്ദര്ശിച്ചിരുന്നു. ഇതിനു ശേഷമാണ് പനിയും തലവേദനയുമായി യുവതി ആശുപത്രിയില് എത്തിയത്. രോഗ ലക്ഷണങ്ങള് നിപയുടേതിനു സമാനമായതിനാല് വിശദമായ പരിശോധനകള് നടത്തിയെങ്കിലും നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയില്ല. ഇവരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര് അറിയിച്ചു.
