കേരളം നിപ രോഗബാധയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടർന്നാണ്​ നടപടി​യെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം

ദുബായ്: കോഴിക്കോടും പരിസരത്തും റിപ്പോർട്ട് ചെയ്ത നിപ വൈറസ്​ ബാധയെ തുടർന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കും കേരളത്തിൽ നിന്ന് വരുന്നവർക്കും ഏർപ്പെടുത്തിയ നിരീക്ഷണവും നിയന്ത്രണങ്ങളും യുഎഇ പിൻവലിച്ചു. 

കേരളം നിപ രോഗബാധയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടർന്നാണ്​ നടപടി​യെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിപ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ ജിസിസി രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കേരളത്തിൽ നിന്നുള്ള യാത്രികർക്ക് നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തിയത്. 

നിപ പനി നിയന്ത്രണ വിധേയമായതായുള്ള ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്​ പ്രകാരമാണ് കേരളത്തേക്കുള്ള യാത്രയ്ക്കേര്‍പ്പെടുത്തിയ നിയന്ത്രണം യുഎഇ ആരോ​ഗ്യമന്ത്രാലയം നീക്കിയത്. കേരളത്തിലേക്കുള്ള യാത്ര വിലക്കിയിരുന്നില്ലെന്നും പകർച്ചവ്യാധികൾ നിലനിൽക്കുന്ന ലോകത്തെ ഏത്​ മേഖലയിലേക്ക്​ പോകുമ്പോഴുമെന്ന പോലെ മുൻകരുതൽ എടുക്കണമെന്ന് നിർദേശിക്കുക മാത്രമാണ്​ ചെയ്​തതെന്നും അധികൃതര്‍ വ്യക്തമാക്കി. 

അത്യാവശ്യമില്ലെങ്കിൽ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്​ കഴിഞ്ഞമാസം ​ 24-നാണ്​ യു.എ.ഇ. ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക്​ നിർദേശം നൽകിയത്​. നിപ വൈറസി​ന്റെ ലക്ഷണങ്ങളുമായി എത്തുന്നവർ ഉണ്ടോയെന്ന്​ നിരീക്ഷിക്കണമെന്ന്​ മെയ്​ 30 ന്​ വിമാനത്താവള അധികൃതർക്കും നിർദേശം നൽകിയിരുന്നു. 

എന്നാൽ കേരളത്തിൽ നിന്ന്​ വരുന്നവരെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പരിശോധനക്കായി തടഞ്ഞുവെച്ച സംഭവങ്ങൾ ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം നിപയുടെ പശ്ചാതലത്തില്‍ യുഎഇ, ബഹറൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലേക്ക് കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി ഇറക്കുമതിക്കേര്‍പ്പെടുത്തിയ വിലക്ക് ഇതുവരെ നീക്കിയിട്ടില്ല.