നിപ: ആരാധനാലയങ്ങളിലും നിയന്ത്രണം, കഴിയുന്ന ചടങ്ങുകള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശം
കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തില് കോഴിക്കോട് ജില്ലയിലെ ആരാധനാലയങ്ങളിലും നിയന്ത്രണം. ജില്ലാ ഭരണകൂടത്തിന്റെ നിര്ദേശ പ്രകാരമാണ് നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിരിക്കുന്നത്. നിപയുടെ പശ്ചാത്തലത്തില് കോഴിക്കോട് ജില്ലയിലെ മതപണ്ഡിതരുടെ യോഗം ജില്ലാ കളക്ടര് വിളിച്ചു ചേര്ത്തിരുന്നു. മുസ്ലീം പള്ളികളില് അംഗശുദ്ധി വരുത്തുന്നതിന് ടാപ്പ് മാത്രം ഉപയോഗിക്കണമെന്നതാണ് പ്രധാന നിര്ദേശം. റംസാന് മാസത്തെ പ്രത്യേക ക്ലാസുകളും സമൂഹ നോമ്പ് തുറകളും പരമാവധി ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.
നിപ വൈറസ് പടരാതിരിക്കാന് താമരശേരി അതിരൂപത കുര്ബാന രീതികള് മാറ്റാന് തീരുമാനിച്ചു. പള്ളികളില് കുര്ബാന നല്കുമ്പോള് നാവില് നല്കാതെ കൈയില് നല്കണമെന്ന് താമരശേരി രൂപതാധ്യക്ഷന് മാര് റെമീജിയോസ് ഇഞ്ചനാനിയില് സര്ക്കുലര് പുറത്തിറക്കി. ഇടവകകളിലെ വീട് വെഞ്ചരിപ്പ്, വിവാഹം, മാമോദീസ തുടങ്ങി മാറ്റിവയ്ക്കാന് കഴിയുന്ന എല്ലാ ചടങ്ങുകളും മാറ്റിവയ്ക്കണമെന്നും അദ്ദേഹം നിര്ദേശിക്കുന്നു. മതപഠന ക്ലാസുകളും കുടുംബ കൂട്ടായ്മകളും മാറ്റിയിട്ടുണ്ട്.
അതേസമയം കണ്ണൂര് കൊട്ടിയൂര് മഹോത്സവത്തിനിടെ നിപ വൈറസ് ബാധയ്ക്ക് സാധ്യതയുണ്ടെന്ന് സമൂഹ മാധ്യമങ്ങളില് വ്യാജ പ്രചാരണമുണ്ടായി. 27 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തില് ഇതര ജില്ലകളില് നിന്നും സംസ്ഥാനങ്ങളില് നിന്നും ആളുകള് എത്താറുണ്ട്. വ്യാജ പ്രചാരണത്തോടെ ഉത്സവത്തിന് ജില്ലക്ക് അകത്ത് നിന്നുപോലും ആളുകള് എത്താതായി. കനത്ത നഷ്ടമാണ് ഇവിടുത്തെ കച്ചവടക്കാര് നേരിടുന്നത്. ആശങ്കയ്ക്കുള്ള ഒരു സാഹചര്യവും കൊട്ടിയൂരില് ഇല്ലെന്ന് ദേവസ്വം വിശദീകരിച്ചു. വ്യാജ പ്രചാരണം നടത്തിയവര്ക്കെതിരേ കൊട്ടിയൂര് ദേവസ്വം സൈബര് സെല്ലിലും പോലീസിലും പരാതി നല്കിയിട്ടുണ്ട്.
