മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിന് അബീര്‍ ഗ്രൂപ്പ് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്അറിയിച്ചു.

ജിദ്ദ: നിപ വൈറസിനെ കുറിച്ച് ഗള്‍ഫ് മേഖലയില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍. പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര മാറ്റി വെക്കേണ്ട സാഹചര്യം ഇല്ലെന്നും ഡോക്ടര്‍മാരടക്കമുള്ളവര്‍ അറിയിച്ചു. കേരളത്തിലേക്കും തിരിച്ചും യാത്ര പോകുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ തെറ്റിധാരണാജനകമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അടിസ്ഥാനരഹിതമായ ഇത്തരം പ്രചാരണങ്ങള്‍ മുഖവിലക്കെടുക്കേണ്ടതില്ലെന്നും യാത്രകള്‍ മാറ്റി വെക്കേണ്ട സാഹചര്യം നിലവിലില്ലെന്നും ജിദ്ദയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സംബന്ധിച്ചവര്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ്, കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രയെച്ചൊല്ലി പ്രവാസികള്‍ക്കിടയില്‍ ആശങ്ക പടര്‍ന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും, നിപ വൈറസ് ബാധയെ തുടര്‍ന്ന് യാത്രകള്‍ക്ക് തടസ്സമില്ലെന്നും ഡോക്ടര്‍മാരടക്കം ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അറിയിച്ചു. പ്രവാസികള്‍ക്കായി പൊതു പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ ബോധവല്‍ക്കരണ ക്യാമ്പും സംഘടിപ്പിച്ചു. നിപ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ രക്തപരിശോധനയ്ക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കേരളത്തില്‍ നിന്നും സൗദിയില്‍ എത്തുന്നവരില്‍ നിപ വൈറസുമായി ബന്ധപ്പെട്ട് സംശകരമായ ലക്ഷണങ്ങള്‍ കണ്ടാല്‍ സാമ്പിളെടുത്ത് പരിശോധനയ്ക്കയക്കാന്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സംവിധാനം ഏര്‍പ്പെടുത്തി. മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിന് അബീര്‍ ഗ്രൂപ്പ് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മാനേജ്‌മെന്റ്‌റ് അറിയിച്ചു. നിപ ബാധിച്ചു മരണപ്പെട്ടവര്‍ക്ക് അനുശോചനം അര്‍പ്പിച്ചു കൊണ്ടാണ് പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്ന ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചത്.