മാസ്ക്കുകളുടെ വില്‍പ്പനയില്‍ വര്‍ധന മലയോര മേഖലയില്‍ വില്‍പ്പന കുതിച്ചുയര്‍ന്നു രണ്ട് ദിവസം കൊണ്ട് വിറ്റത് അഞ്ച് ലക്ഷം മാസ്ക്കുകള്‍

കോഴിക്കോട്: നിപ രണ്ടാം ഘട്ടമായതോടെ കോഴിക്കോട് ജില്ലയില്‍ മാസ്ക്കുകളുടെ റെക്കോര്‍ഡ് വില്‍പ്പന. രണ്ട് ദിവസം കൊണ്ട് അഞ്ച് ലക്ഷത്തോളം മുഖാവരണമാണ് ജില്ലയില്‍ വിറ്റഴിച്ചത്.

നിപ സംബന്ധിച്ച് ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍‍കിയതോടെ മാസ്ക്ക് ധരിച്ച് മാത്രം പുറത്തിറങ്ങുന്നവരുടെ എണ്ണം കൂടിയതാണ് റെക്കോര്‍ഡ് വില്‍പ്പനയ്ക്ക് കാരണമായത്. നേരത്തെ കോഴിക്കോട് നഗരത്തിലും പേരാമ്പ്രയിലുമായിരുന്നു മാസ്ക്കുകളുടെ വില്‍പ്പന അധികമുണ്ടായിരുന്നത്. എന്നാല്‍, കാരശേരില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ മലയോര മേഖലയിലെ വില്‍പ്പനയും കുതിച്ചുയര്‍ന്നു. പല മെഡിക്കല്‍ ഷോപ്പുകളിലും ഒരു ദിവസം പത്തോ പതിനഞ്ചോ മാസ്ക്കുകള്‍ വിറ്റിരുന്നത് ആയിരത്തിന് മുകളിലേക്ക് ഉയര്‍ന്നു.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ സാധാരണ മാസ്ക്കുകള്‍ നാല് ലക്ഷത്തിലധികം വിറ്റതായാണ് മൊത്ത വിതരണക്കാര്‍ നല്‍കുന്ന കണക്ക്. കൂടുതല്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന എന്‍ 95 മാസ്ക്കുകളുടെ വില്‍പ്പന ഒരു ലക്ഷത്തിനടുത്തുമെത്തി. പ്രതീക്ഷിക്കാതെയാണ് മെഡിക്കല്‍ ഷോപ്പുകളില്‍ മാസ്ക്കുകളുടെ വില്‍പ്പന വര്‍ധിച്ചത്. അതുകൊണ്ട് തന്നെ മൊത്ത വിതരണക്കാരുടെ പക്കല്‍ സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. ക്ഷാമം പരിഹരിക്കാന്‍ സമീപ ജില്ലകളില്‍ നിന്ന് മാസ്കുകള്‍ എത്തിക്കുകയായിരുന്നു.