അവസാനം നടത്തിയ പരിശോധനകളിൽ ഇരുവരുടേയും ഫലം നെഗറ്റീവ് ആയത് ഡോക്ടർമാർക്കും സർക്കാരിനും വലിയ പ്രതീക്ഷയും ആശ്വാസവും നൽകുന്നുണ്ട്
കോഴിക്കോട്: നിപ വൈറസ് ഭയത്തിൽ കഴിയുന്ന കോഴിക്കോട്ടുകാർക്ക് ആശ്വാസമേക്കി ശുഭവാർത്ത. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് രോഗികൾ സുഖം പ്രാപിക്കുന്നു. പരിശോധനയിൽ നിപ സ്ഥിരീകരിച്ച രണ്ട് പേരാണ് ഇപ്പോൾ മരണകയത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്.
അവസാനം നടത്തിയ പരിശോധനകളിൽ ഇരുവരുടേയും ഫലം നെഗറ്റീവ് ആയത് ഡോക്ടർമാർക്കും സർക്കാരിനും വലിയ പ്രതീക്ഷയും ആശ്വാസവും നൽകുന്നുണ്ട്. ഇതുവരെ നിപ സ്ഥിരീകരിച്ച 19 പേരിൽ 17 പേരും ഇതിനോടകം മരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂന്ന് നിപ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കേരളത്തിലെ നിപ ബാധിതരിലെ മരണനിരക്ക് 90 ശതമാനത്തിലെത്താൻ ഇത് കാരണമായി. ഇൗ അവസ്ഥയ്ക്കാണ് ഇപ്പോൾ മാറ്റം വരുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇരുവരേയും നിപ ബാധിതർക്കുള്ള പ്രത്യേക വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും കേന്ദ്രസംഘത്തിന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമേ ഇരുവരേയും ആശുപത്രിയിൽ നിന്ന് വിടൂവെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മലേഷ്യയിൽ നിന്നുമെത്തിച്ച റിബ വൈറിൻ എന്ന മരുന്ന് ഇരുവർക്കും കൊടുത്തിരുന്നു.
