സാബിത്തിന്റെ വീട്ടിലെ മുയലുകളുടെ സാംപിളുകളും പരിശോധിച്ചെങ്കിലും അതിലും വൈറസ് കണ്ടെത്താനായില്ല. 

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് പരത്തിയെന്ന് സംശയിക്കുന്ന പഴംതീനി വവ്വാലുകളില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഭോപ്പാലിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

നാല് വവ്വാലുകളുടെ സാംപിളുകളാണ് ഭോപ്പാലിലേക്ക് അയച്ചത്. രക്തവും സ്രവങ്ങളും പരിശോധിച്ചെങ്കിലും വൈറസ് കണ്ടെത്തിയിട്ടില്ല. സാബിത്തിന്റെ വീട്ടിലെ മുയലുകളുടെ സാംപിളുകളും പരിശോധിച്ചെങ്കിലും അതിലും വൈറസ് കണ്ടെത്താനായില്ല. 

അതേസമയം ആദ്യഫലങ്ങള്‍ നെഗറ്റീവാണെങ്കിലും നിപ വൈറസിന്റെ ഉറവിടം വവ്വാലുകള്‍ തന്നെയാണെന്ന നിഗമനത്തില്‍ തന്നെയാണ് ആരോഗ്യവകുപ്പും, ആരോഗ്യവിദഗ്ദ്ധരുമുള്ളത്. മലേഷ്യയിലും ബംഗ്ലാദേശിലും വൈറസ് കണ്ടെത്തിയത് പഴംതീനി വാവ്വലുകളില്‍ നിന്നാണ്. 

വൈറസ് സാന്നിധ്യം ആദ്യം കണ്ടെത്തിയ മൂസയുടെ വീട്ടിന് പരിസരത്ത് നിന്നാണ് നാല് വാവ്വാലുകളെ മൃഗസംരക്ഷണവകുപ്പ് പിടികൂടി ഭോപ്പാലിലേക്ക് അയച്ചത്. ഇവയില്‍ വൈറസില്ലെങ്കിലും പ്രദേശത്തുള്ള മറ്റു വാവ്വലുകളില്‍ വൈറസ് കണ്ടേക്കും എന്ന നിഗമനത്തില്‍ കൂടുതല്‍ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാനാണ് അധികൃതരുടെ തീരുമാനം. 

മൂന്ന് പേര്‍ മരിച്ച പേരാമ്പ്രയിലെ മൂസയുടെ വീട്ടിലെ കിണറ്റില്‍ നിന്നും ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലുകളുടെ സാംപിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നുവെങ്കിലും വൈറസ് കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ പഠനത്തില്‍ ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലില്‍ നിന്നല്ല പഴംതീനി വവ്വാലുകളിലൂടെയാണ് ഈ വൈറസ് പടരുന്നത് എന്ന് തിരിച്ചറിഞ്ഞു. ഇതോടെ മൂസയുടെ വീടിനടുത്ത് നിന്നും പേരാമ്പ്രയ്ക്ക് അടുത്തുള്ള ജാനകിക്കാട്ടില്‍ നിന്നും പഴംതീനി വവ്വാലുകളെ പിടികൂടി സാംപിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.