സാമ്പത്തിക കുറ്റകൃത്യം കണ്ടുപിടിക്കപ്പെട്ടതിന് പിന്നാലെ നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് ആദ്യം താല്‍ക്കാലികമായും പിന്നീട് സ്ഥിരമായും ഇന്ത്യ റദ്ദാക്കിയിരുന്നു.

ദില്ലി: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പയെടുത്ത് വിദേശത്തേക്ക് മുങ്ങിയ വ്യവസായി നീരവ് മോദിക്ക് ഒന്നിലധികം ഇന്ത്യന്‍ പാസ്‍പോര്‍ട്ട് ഇല്ലെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. നീരവ് മോദിയെ പിടികൂടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അടക്കം സന്ദേശം അയച്ചിട്ടുണ്ട്. 

നീരവ് മോദി ഏവിടെയെങ്കിലും താമസിക്കുന്നുണ്ടെങ്കിലോ ഏതെങ്കിലും രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ഇന്ത്യയെ വിവരമറിയിക്കണമെന്നാണ് വിദേശരാജ്യങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങളുമായി ബന്ധപ്പെടണമെന്ന് വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ എംബസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യം കണ്ടുപിടിക്കപ്പെട്ടതിന് പിന്നാലെ നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് ആദ്യം താല്‍ക്കാലികമായും പിന്നീട് സ്ഥിരമായും ഇന്ത്യ റദ്ദാക്കിയിരുന്നു. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നീരവ് ബ്രിട്ടന്‍, ഫ്രാന്‍സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. അവസാനം പാസ്‌പോര്‍ട്ട് പുതുക്കുന്ന വേളയില്‍ നേരത്തെ നീരവ് മോദി ഉപയോഗിച്ചിരുന്ന പാസ്‌പോര്‍ട്ട് ക്യാന്‍സല്‍ ചെയ്തിരുന്നുവെന്നും അദ്ദേഹത്തിന് രണ്ട് ഇന്ത്യന്‍ പാസ്‍പോര്‍ട്ടുകള്‍ ഉണ്ടാവാന്‍ ഒരു സാധ്യതയും ഇല്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദം.

പാസ്‌പോര്‍ട്ട് റദ്ദാക്കിയ വിവരം രാജ്യത്തെയും വിദേശത്തെയും എല്ലാ പാസ്‌പോര്‍ട്ട് ഓഫീസുകളെയും ഇന്ത്യന്‍ എംബസികളെയും അറിയിച്ചിരുന്നു. മറ്റ് അന്വേഷണ ഏജന്‍സികളെയും ഈ വിവരം അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ റദ്ദാക്കിയ പാസ്‌പോര്‍ട്ടുമായി നീരവ് മോദിക്ക് എങ്ങനെ യാത്ര ചെയ്യാനാവുന്നുവെന്ന ചോദ്യത്തിന് മാത്രം അധികൃതര്‍ക്ക് മറുപടിയുമില്ല.