ഇതിനു മുന്‍പ് 2017 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് പാകിസ്താന്‍റെ സഹായം ലഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആരോപിച്ചിരുന്നു.  

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്‍റെ സഹായം തേടിയെന്ന ആരോപണവുമായി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കോണ്‍ഗ്രസ് നേതാക്കള്‍ നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണ്. തങ്ങളുടെ തെറ്റായ നയങ്ങള്‍ മൂലം ലോകത്തിന് മുന്നില്‍ ഒറ്റപ്പെട്ട് കിടക്കുന്ന രാജ്യമാണ് പാകിസ്താന്‍. അവിടെ ചെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി മോദിയെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സഹായം തേടിയത്. ദില്ലിയില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേ നിര്‍മ്മല പറഞ്ഞു. 

ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് നിര്‍മ്മല കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച ഈ ആരോപണത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ആരോപണത്തിന്‍റെ മറ്റു വിശദാംശങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. ഇതിനു മുന്‍പ് 2017 ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് പാകിസ്താന്‍റെ സഹായം ലഭിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആരോപിച്ചിരുന്നു. 

മോദി സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് നിര്‍മ്മല പറഞ്ഞു. അനവധി സാമൂഹിക ക്ഷേമപദ്ധതികള്‍ കഴിഞ്ഞ അ‍ഞ്ച് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ക്രമസമാധാനപാലനം മോദി സര്‍ക്കാരിന്‍റെ മുഖ്യഅജന്‍ഡകളിലൊന്നായിരുന്നു. 2014-ന് ശേഷം ഇതുവരെ ശക്തമായ ഒരു ഭീകരാക്രമണം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. അത്തരം ശ്രമങ്ങളെ അതിര്‍ത്തിയില്‍ തന്നെ തടയാന്‍ സൈന്യത്തിനായി. അഞ്ച് വര്‍ഷത്തിനിടയില്‍ ഗുരുതരമായ അഴിമതി ആരോപണങ്ങളും സര്‍ക്കാരിന് നേരെ ഉയര്‍ന്നിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ജനങ്ങളെ ബോധവത്കരിക്കാന്‍ പ്രവര്‍ത്തകര്‍ പ്രയത്നിക്കണം നിര്‍മ്മല പറഞ്ഞു.