ദില്ലിയിലെ പ്രമാദമായ നീതീഷ് ഖട്ടാരിയ കൊലക്കേസില്‍ മുഖ്യപ്രതികള്‍ക്ക് കടുത്ത ശിക്ഷ ശരിവെച്ച് സുപ്രീകോടതി. പ്രതികളായ സഹോദരങ്ങള്‍ക്ക് ഹൈക്കോടതി വിധിച്ച 25 വര്‍ഷത്തെ കഠിന തടവ് കോടതി ശരിവച്ചു. വധശിക്ഷ നല്‍കിയില്ലെങ്കിലും സുപ്രീംകോടതി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട നിതീഷിന്റെ അമ്മ നീലം ഖട്ടാരിയ പറഞ്ഞു.

സഹോദരി പ്രണയിച്ചതിന് ബിസിനസ് എക്‌സിക്യുട്ടീവായ നിതീഷ് ഖട്ടാരയെ 2002ല്‍ സഹോദരന്മാര്‍ ചേര്‍ന്ന് കാറിനുള്ളില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊല്ലുകയായിരുന്നു. കാറിനിള്ളില്‍ കത്തിക്കരിഞ്ഞ അവസ്ഥയില്‍ കണ്ടെത്തിയ മൃതദേഹം ഡിഎന്‍എ പരിശോധനയിലാണ് നിതീഷ് ഖട്ടാരയുടേതെന്ന് തിരി‍ച്ചറിഞ്ഞത്. ആ കേസില്‍ പ്രതികളായിരുന്ന വികാസ് യാദവ്, വിശാല്‍ യാദവ്, പെഹല്‍വാന്‍ എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് വിചാരണ കോടതി നല്‍കിയത്. പിന്നീട് ഹൈക്കോടതി പ്രതികളുടെ ശിക്ഷ 25 വര്‍ഷം വീതമാക്കി. അതിനെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധിപറഞ്ഞത്. സഹോദരങ്ങളായ വികാസ് യാദവ്, വിശാല്‍ യാദവ് എന്നിവര്‍ക്ക് 25 വര്‍ഷത്തെ ശിക്ഷ ശരിവെച്ച സുപ്രീംകോടതി മൂന്നാംപ്രതിയായ ഇവരുടെ ബന്ധു പെഹല്‍വാന് 20 വര്‍ഷത്തെ ശിക്ഷയും നല്‍കി. മാനംകാക്കല്‍ കൊലപാതകം എന്ന പ്രോസിക്യുഷന്‍ വാദം ശരിവെച്ചുകൊണ്ടാണ് പ്രതികള്‍ക്ക് ദില്ലി ഹൈക്കോടതി കൂടിയ ശിക്ഷ നല്‍കിയത്. രാഷ്‌ട്രീയരംഗത്ത് വലിയ സ്വാധീനമുണ്ടായ പ്രതികള്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന വിവാദങ്ങള്‍ കേസിന്‍റെ വിചാരണ ഘട്ടത്തില്‍ ഉയര്‍ന്നുവന്നു. മകനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട നിതീഷ്ഖട്ടാരയുടെ മാതാവും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആ അപേക്ഷ കോടതി അംഗീകരിച്ചില്ലെങ്കിലും സുപ്രീംകോടതി തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് നിതീഷ്ഖട്ടാരയുടെ മാതാവ് നീലം ഖട്ടാര പ്രതികരിച്ചു.