പാട്ന: ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി പിന്തുണയോടെയാണ് നിതീഷ് കുമാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. സുശീല്‍കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. മഹാസഖ്യത്തില്‍നിന്ന് പിന്മാറി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് 14 മണിക്കൂറിനുള്ളിലാണ് ബിജെപി സഖ്യത്തിന്റെ ഭാഗമായി നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റത്. രാവിലെ 10 മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ പങ്കെടുത്തു. പുതിയ സര്‍ക്കാര്‍ നാളെ വിശ്വാസവോട്ട് തേടും. അതിനുശേഷമാകും മന്ത്രിസഭാ വിപുലീകരണം. ബിജെപിയില്‍നിന്ന് 14 പേര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് സൂചന.

ബീഹാറില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 242 അംഗ നിയമസഭയില്‍ ജെഡിയുവിന് 71 സീറ്റാണുള്ളത്. ബിജെപി 53 അംഗങ്ങളുമുണ്ട്. 122 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. ആര്‍ജെഡിക്ക് 80ഉം കോണ്‍ഗ്രസിന് 27ഉം അംഗങ്ങളുണ്ട്. ബിജെപി-ജെഡിയു സഖ്യത്തിന് 132 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.