പതിനാലാം നിയമസഭയുടെ ഒന്നാം സമ്മേളനത്തില്‍ നിന്ന് വ്യത്യസ്തമായി, കെ.എം മാണിയും സംഘവും ഇക്കുറി പ്രത്യേക ബ്ലോക്കായി ഇരിക്കും. മുന്‍ നിരയില്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാലിനും മധ്യേ ആറാമത്തെ ഇരിപ്പിടമാണ് കെ.എം മാണിക്ക്. കേരള കോണ്‍ഗ്രസിന്റെ ബാക്കി എം.എല്‍.എമാരുടെ ഇരിപ്പിടം പുനഃക്രമീകരിക്കില്ല. ചര്‍ച്ചകളില്‍ കേരള കോണ്‍ഗ്രസ് എം ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിയമസഭാ സമ്മേളനത്തെ ശ്രദ്ധേയമാക്കും. 

2016ലെ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ഭേദഗതി ബില്ലും കേരളാ അടിസ്ഥാന സൗകര്യ നിക്ഷേപനിധി ബില്ലും സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സഭ പരിഗണിക്കും. ബജറ്റ് പൂര്‍ണ്ണമായും പാസാക്കുകയാണ് പ്രധാന ഉദ്ദേശ്യം. അതേസമയം, സ്വാശ്രയ പ്രശ്നം പ്രതിപക്ഷം സര്‍ക്കാരിനെതിരെ മുഖ്യ ആയുധമാക്കും. പ്രശ്നത്തില്‍ സഭയ്‌ക്കകത്തും പുറത്തും സര്‍ക്കാരിനെ നേരിടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമസഭാ സമിതി ശുപാര്‍ശകളും പ്രധാന റിപ്പോര്‍ട്ടുകളും ചര്‍ച്ച ചെയ്യാന്‍ സഭ സമയം കണ്ടെത്തും. ചരക്ക് സേവന നികുതി നിലവില്‍ വരുന്ന സാഹര്യത്തില്‍ നികുതി ഘടന ചര്‍ച്ച ചെയ്യാന്‍ 29 ന് സെമിനാര്‍ സംഘടിപ്പിക്കും. 29 ദിവസത്തെ സമ്മേളനം നവംബ‍ര്‍ 10ന് അവസാനിക്കും.